കെട്ടിച്ചമച്ച പീഡനകഥ; 19കാരന്‍ നിയമക്കുരുക്കില്‍
പുനെ: മാനവും മാനഹാനിയുമെല്ലാം പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള കാര്യമാണോ? ചോദിക്കുന്നത് നാല്‍പ്പത്തിയെട്ടുകാരിയായ പുഷ്‌പ മുരളീധര്‍ ഭയിസ്, പത്തൊന്‍പതുകാരനായ സാഗറിന്റെ അമ്മ. പുഷ്‌പ ഇത് ചോദിക്കുന്നത് വെറുതെയല്ല ചെയ്യാത്തകുറ്റത്തിന് സ്വന്തം മകന്‍ ശിക്ഷയനുഭവിക്കേണ്ടതോര്‍ത്താണ്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നതാണ് സാഗറിനെതിരെയുള്ള കുറ്റം. വദ്‌ഗൊണ്‍ഷരി സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് മാര്‍ച്ച് 17ന് മാനഭംഗക്കുറ്റം ചുമത്തി സാഗറിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സാഗറും കൂട്ടുകാരും ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
പെണ്‍കുട്ടി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടതായിരുന്നതിനാല്‍ സമ്മര്‍ദ്ദം മൂലം സാഗറിന്റെ പ്രായപൂര്‍ത്തിയെത്താത്ത സുഹൃത്തുക്കളെയും പൊലീസിന് അറസ്റ്റുചെയ്യേണ്ടിവന്നു. സാഗറും കൂട്ടുകാരും പൊലീസ് പിടിയിലായപ്പോള്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തുകയും അവര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു.
താന്‍ കാമുകനൊപ്പം പോയെന്ന കാര്യം പുറത്തുപോകാതിരിക്കാനായാണത്രേ പെണ്‍കുട്ടി സാഗറിനും കൂട്ടുകാര്‍ക്കുമെതിരെ പീഡനാരോപണം ഉന്നയിച്ചത്. മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കുട്ടിയുടെ കാമുകനെ ഇപ്പോള്‍ പൊലീസ് അറസ്റ്റുചെയ്‌തിരിക്കുകയാണ്.
മകന്‍ അറസ്റ്റിലായ ദിവസം തുടങ്ങി പുഷ്‌പ ഉറങ്ങിയിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് മകന്‍ ജയിലില്‍ കഴിയേണ്ടിവരുമോയെന്നോര്‍ത്ത് ഉരുകുകയായിരുന്നു താനെന്ന് അവര്‍ പറയുന്നു. വെള്ളിയാഴ്‌ച സാഗറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സാഗറിന് പുറത്തുവരാന് കുറച്ചേറെ സമയം വേണ്ടിവരുമത്രേ. അതായത് ഇനിയും സാഗര് ജയിലില് തുടരേണ്ടിവരുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പെണ്‍കുട്ടി നല്‍കിയ പാരതിയില്‍ അന്വേഷണം പൂര്‍ത്തിയായി യഥാര്‍ത്ഥ സംഭവം എന്തെന്ന് തെളിഞ്ഞാല്‍ മാത്രമേ സാഗര്‍ പൂര്‍ണ്ണമായും കുറ്റവിമുക്തനാവൂ എന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications