എംഎല്‍എയുടെ മകന്‍ ഓടിച്ച കാറിടിച്ച് 3 പേര്‍ മരിച്ചു
ലഖ്നൊ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എംഎല്‍എയായ ശദാബ് ഫാത്തിമയുടെ മകന്‍ ഓടിച്ച കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. 9 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സംഭവത്തെത്തുടര്‍ന്ന് പതിനേഴുകാരനായ കസീഫ് അബ്ബാസിനെ പൊലീസ് അറസ്റ്റുചെയ്‌തു. കസീഫ് മദ്യപിച്ചാണ് കാറോടിച്ചിരുന്നതെന്നും ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.
അമ്മയുടെ ടാറ്റാ സഫാരിയുമായി കസീഫ് സുഹൃത്തുക്കള്‍ക്കൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു. നഗരത്തിലൂടെ സുഹൃത്തുക്കളുമായി അമിതവേഗത്തില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേയ്‌ക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ പരിവര്‍ത്തന്‍ ചൗക്കിന് സമീപത്തുവച്ച് ആദ്യം രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രികരെ ഇടിച്ചിട്ടശേഷമാണ് നടപ്പാതയില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകള്‍ക്ക് മുകളിലൂടെ കയറിയത്. ഇതില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണമില്ലാതെ കാറോടിയ്‌ക്കുകയായിരുന്ന കസീഫിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ചിലര്‍ ഇടപെട്ട് പ്രശ്‌നം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കാറില്‍ നിന്നും പൊലീസ് ബീര്‍ കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ കസീഫ് മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കസീഫിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുപി ഡിജിപി വിക്രം സിംങ് പറഞ്ഞു.
യുപി ഉപഭോക്ത് സഹകാരി സംഘ് പ്രസിഡന്റിന്റെ പേരിലുള്ള ചുവപ്പ് ലൈറ്റുകള്‍ ഘടിപ്പിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. എംഎല്‍എ സബാദ് ഫാത്തിമ യുപി ഉപഭോക്ത് സഹകാരി സംഘിന്റെ അധ്യക്ഷയാണ്.












Click it and Unblock the Notifications