Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന് അഭിമാനമാകുന്ന ബ്ലോഗ് അക്കാദമി

കോഴിക്കോട് : പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു പങ്കാളിത്തം, ആഗ്രഹിച്ചതിലും മെച്ചമായിരുന്നു സംഘാടനം. അതുകൊണ്ടു തന്നെ വിജയം കൊതിച്ചതിലേറെയാവുക സ്വാഭാവികം.

കേരള ബ്ലോഗ് അക്കാദമിയുടെ കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ശില്‍പശാലയെക്കുറിച്ചാണ് പറഞ്ഞത്. ബ്ലോഗിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലോഗ് അക്കാദമി സംഘടിപ്പിച്ച പരിശീലനക്കൂട്ടായ്മ സംഘാടകരുടെയും പ്രതിനിധികളുടെയും ബൂലോകത്തിന്റെയും പ്രതീക്ഷകള്‍ക്കപ്പുറമുളള വിജയമായി.

കോഴിക്കോട് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ 2008 ഏപ്രില്‍ 27 ഞായറാഴ്ചയാണ് ശില്‍പ ശാല നടന്നത്. ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ ആറു മണി വരെ നീണ്ട സാര്‍ത്ഥകമായ പരിശീലന പരിപാടിയായി ശില്‍പശാല മാറി.

ഇന്റര്‍നെറ്റിനെയും ബ്ലോഗിനെയും കുറിച്ച് അറിയാന്‍ ഇരുനൂറോളം പേര്‍ ശില്‍പശാലയ്ക്ക് എത്തിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ‍ഡ്രൈവറും കോഴിക്കോട്ടെ സാംസ്ക്കാരിക സദസുകളിലെ നിത്യ സാന്നിദ്ധ്യവുമായ ജെഫ്രീനയാണ് ശില്‍പശാലയില്‍ "ബ്ലോഗ്‍ശ്രീ" കുറിച്ചത്.

മലപ്പുറത്തു നിന്നെത്തിയ ബഷീര്‍ എന്ന മദ്രസ അധ്യാപകനും ആറാം ക്ലാസുകാരനായ നവീനും ബ്ലോഗിലെ സാന്നിദ്ധ്യമാകാന്‍ കൊതിക്കുന്നവരുടെ പരിഛേദമായി. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അമ്പരക്കേണ്ട കാര്യമൊന്നുമില്ലെന്നും മുലപ്പാലിനൊപ്പം നുണഞ്ഞിറക്കിയ മാതൃഭാഷയില്‍ കത്തും കവിതയും കഥയുമെഴുതാനും കമന്റടിക്കാനും ഇതുപോലെ സൗകര്യപ്രദമായ സ്ഥലം വേറെയില്ലെന്നും തിരിച്ചറി‍ഞ്ഞാണ് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ മടങ്ങിയത്.

കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രമായിരുന്നില്ല പങ്കാളിത്തം. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നും ശില്‍പശാലയ്ക്ക് ആളെത്തിയിരുന്നു.

പുതിയ മാധ്യമത്തെ കുറിച്ച് അറിയാനും പഠിക്കാനും എത്തിയവര്‍ക്ക് ആദ്യദിനം തന്നെ അറിവിന്റെ വൈവിദ്ധ്യം പ്രദാനം ചെയ്യാനും ബ്ലോഗ് അക്കാദമിയുടെ സംഘാടകര്‍ക്കായി. അക്കാദമിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ച ചിത്രകാരന്‍, ബ്ലോഗിന്റെ സാധ്യതകള്‍ വിശദീകരിച്ച കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ശില്‍പശാലയുടെ ലക്ഷ്യങ്ങള്‍ വിവരിച്ച ഏറനാടന്‍, ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങനെ, യുണികോഡില്‍ എഴുതുന്നതും വായിക്കുന്നതും എങ്ങനെ എന്നിങ്ങനെയുളള അടിസ്ഥാന വിവരങ്ങള്‍ നല്‍കിയ കണ്ണൂരാന്‍ എന്നിവര്‍ ബ്ലോഗിംഗിന്റെ അടിസ്ഥാന വിവരങ്ങളിലാണ് ഊന്നിയത്.

തുടര്‍ന്ന് പാട്ടും ബ്ലോഗിംഗും എങ്ങനെ സംയോജിപ്പിക്കാമെന്നും എങ്ങനെ പോഡ്‍കാസ്റ്റിംഗ് നടത്താമെന്നും വിശദീകരിച്ച് തൃശൂര്‍ ആകാശവാണി ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി പ്രദീപ് കുമാര്‍ എത്തി. ബ്ലോഗ് ഒരു മാധ്യമമായി എങ്ങനെ മാറുന്നുവെന്നും അതിന്റെ സാധ്യതകളെന്തെന്നും വിശദീകരിച്ചത് വി കെ ആദര്‍ശാണ്.

വിക്കി പീഡിയയെക്കുറിച്ചുളള വിജ്ഞാനപ്രദമായ അവതരണം വിശ്വപ്രഭ നടത്തി. പ്രശസ്തരും അപ്രശസ്തരുമായ പല ബ്ലോഗര്‍മാരും തങ്ങളുടെ അനുഭവങ്ങളും പഠിതാക്കളുമായി പങ്കുവെച്ചു.

അറിഞ്ഞിരിക്കേണ്ടതും അനുഭവിച്ചിരിക്കേണ്ടതുമായ വിശാല ലോകം ഇന്റര്‍നെറ്റ് കണക്ഷനുളള കമ്പ്യൂട്ടറിനുളളില്‍ ഉണ്ട് എന്ന് പഠിതാക്കളെ ബോധ്യപ്പെടുത്താന്‍ ശില്‍പശാലയ്ക്ക് കഴിഞ്ഞു. അതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് ബ്ലോഗ് അക്കാദമിയുടെ സംഘാടകര്‍ കോഴിക്കോടിനോട് വിട പറഞ്ഞത്.

ശില്‍പശാല സ്പോണ്‍സര്‍ ചെയ്ത കമ്പ്യൂട്ടര്‍ പ്ലസ് എന്ന സ്ഥാപനവും പരിപാടിയ്ക്ക് വന്‍കവറേജ് നല്‍കിയ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരും ശില്‍പശാലയുടെ വിജയത്തില്‍ പങ്കാളികളായി. ബ്ലോഗ് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ നിന്നും ആരംഭിച്ച ബ്ലോഗ് അക്കാദമിയുടെ
പ്രവര്‍ത്തനം മറ്റു ജില്ലകളിലെ ബ്ലോഗര്‍മാര്‍ക്കും ഊര്‍ജം പകരുകയാണ്.

നവമാധ്യമത്തിന്റെ സാധ്യതകള്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സ്വമേധയാ രംഗത്തിറങ്ങുന്ന ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ കൊട്ടും കുരവയുമില്ലാതെ മറ്റൊരു സാക്ഷരതായജ്ഞത്തിലാണ് പങ്കാളികളാകുന്നത്. കമ്പ്യൂട്ടര്‍ പരിചയവും ഇന്റര്‍നെറ്റ് സാക്ഷരതയും നേടുന്ന മലയാളി സമൂഹം അറിവിന്റെയും സംവേദനത്തിന്റെയും പുതിയൊരു മേഖലയിലേയ്ക്ക് പതിയെ കടന്നു വരുമ്പോള്‍ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

ബ്ലോഗ് അക്കാദമിയെക്കുറിച്ച് ഈ ബ്ലോഗുകളില്‍ നിന്നും അറിയാം

കേരള ബ്ലോഗ് അക്കാദമി
കോഴിക്കോട് ബ്ലോഗ് അക്കാദമി

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+