കൗമാരക്കാര്‍ക്കിടയില്‍ മദ്യപാനശീലം കൂടുന്നു
ദില്ലി: കേരളത്തില്‍ 21 വയസ്സില്‍ താഴെയുള്ളവരില്‍ 14 ശതമാനവും മദ്യപാനശീലമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 21 ശതമാനവും മദ്യപരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ പൊതുവെയെടുത്താല്‍ 1990കളില്‍ മദ്യപിക്കുന്ന പ്രായം 28ആയിരുന്നത് 2008ആയിരുന്നപ്പോള്‍ ഇത് 19വയസ്സായി താഴ്‌ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഇന്ത്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സ്' ചൊവ്വാഴ്‌ച പുറത്തിറക്കിയ 'ആല്‍ക്കഹോള്‍ അറ്റ്‌ലസ് ഓഫ് ഇന്ത്യ' എന്ന പുസ്‌തകത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുളയുടെയും ലോകാരോഗ്യ സംഘടനയുടെയും മറ്റ് ഏജന്‍സികളുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തില്‍ യുവാക്കളുടെയിടയില്‍ മദ്യപാനശീലം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1990ല്‍ കേരളത്തില്‍ 21 വയസ്സിനു താഴെ പ്രായമുള്ളവരുടെ മദ്യപാന നിരക്ക് രണ്ട് ശതമാനമായിരുന്നു. 2006-ല്‍ ഇത് 13.5 ശതമാനമായി വര്‍ധിച്ചു. സംസ്ഥാനത്ത് മദ്യപിക്കാന്‍ നിയമപരമായുള്ള ചുരുങ്ങിയ പ്രായം 18 വയസ്സാണെന്നത് ഇതിനു സഹായകമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ദില്ലിയിലാകത്തെ ഇത് 25 വയസ്സാണ്.
ഇന്ത്യയില്‍ ആളോഹരി മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. 8.3 ശതമാനം ലിറ്റര്‍. സര്‍ക്കാര്‍ കണക്കിലിത് മൂന്ന് ശതമാനത്തില്‍ താഴെയാണ്. പെണ്‍കുട്ടികളും സ്‌ത്രീകളും കേരളത്തില്‍ മദ്യപാനശീലം തുടങ്ങിയതായും ഇവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
നാടന്‍മദ്യത്തേക്കാള്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍. കേരളത്തില്‍ നടക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്നതാണ്- ജോണ്‍സണ്‍ പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മദ്യപാനത്തിന്റെയും ലഹരി വസ്‌തുക്കളുടെയും ദോഷവശങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 2006-ല്‍ നടത്തിയ പഠനങ്ങളാണ് ആല്‍ക്കഹോള്‍ അറ്റ്‌ലസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications