സുധാകരന്‍ രാജിവെയ്‌ക്കണമെന്ന് സിപിഎം നേതാവ്
മാവേലിക്കര: മന്ത്രി ജി സുധാകരന്‍ അതിരുവിടുന്നുവെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന നേതൃത്വം തയ്യാറാകണമെന്നും സിപിഎം പ്രാദേശിക നേതാവ്.
എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വക്കറ്റ് പിഎന്‍ പ്രമോദ് നാരായണന്‍ ആണ് മന്ത്രിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.
കേരള വികസനം പ്രശ്‌നങ്ങള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ജനകീയ പ്രതികരണവേദി നടത്തിയ സംവാദത്തിലാണ് പ്രമോദ് നാരായണന്‍ മന്ത്രി സുധാകരന്‍ രാജിവയ്‌ക്കണമെന്ന് മൂന്നുതവണ ആവശ്യപ്പെട്ടത്. പ്രമോദിന്റെ പ്രസ്‌താവനയില്‍ രോഷം പൂണ്ട് സിപിഎം ഏരിയ കമ്മിറ്റി അംഗവും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ ജി അജയകുമാര്‍ സംവാദ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേരള സമൂഹത്തെ ആഴത്തില്‍ പരുക്കേല്‍പ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തുന്ന സുധാകരന്‍ ഇടതു സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ്. എല്‍ഡിഎഫിനെ പ്രതീക്ഷയോടെ കാണുന്നവരുടെയും സ്‌നേഹിക്കുന്നവരുടെയും വികാരം മാനിച്ച് മന്ത്രി സ്വയം പുറത്തുപോകണം. അല്ലെങ്കില്‍ പുറത്താക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണം- പ്രമോദ് പറഞ്ഞു.
കുട്ടനാട് കത്തിയെരിഞ്ഞപ്പോള്‍ സ്വന്തം മുഖം പ്രകാശിപ്പിക്കാന്‍ സുധാകരന്‍ അഭിനവ നീറോ ചക്രവര്‍ത്തി ചമയുകയായിരുന്നു. താന്‍ പറഞ്ഞതുകേട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് പ്രസ്‌താവനയിറക്കിയ മന്ത്രി കുട്ടനാട്ടിലെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വ്യതിചലിക്കാനാണ് ശ്രമിച്ചത്- പ്രമോദ് ആരോപിച്ചു.
സംവാദത്തില്‍ പങ്കെടുത്ത ഡിസിസി ജനറല്‍ സെക്രട്ടറി കെ. ആര്‍ മുരളീധരന്‍ കുട്ടനാട്ടിലെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സുധാകരന്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ചു. ഇതിന് ശേഷമാണ് പ്രമോദ് സുധാകരനെതിരെ തിരിഞ്ഞത്.
പ്രമോദിന്റെ പ്രസംഗത്തിന്‌ശേഷം അജയകുമാര്‍ വേദിവിട്ടിറങ്ങുകയായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിയെ വ്യക്തിപരമായി വിമര്‍ശിച്ചത് ശരിയായില്ലെന്നതിനാലാണ് വേദി വിട്ടതെന്ന് അജയകുമാര്‍ പറഞ്ഞു.
2000-05ല്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രമോദ് നാരായണന് മേധാപട്‌കറോടൊപ്പം മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഗാന്ധി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎം പാലമേല്‍വടക്ക് ലോക്കല്‍ കമ്മറ്റിയംഗമാണ്.












Click it and Unblock the Notifications