ഇന്ത്യക്കാരന് കുത്തേറ്റു; ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു
സിഡ്‌നി: ആസ്‌ത്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ടാക്‌സി ഓടിയ്‌ക്കവേ കുത്തേറ്റ ഇന്ത്യന്‍ യുവാവിന്റെ നില ഗുരുതരമായിത്തന്നെ തുടരുന്നതായി റോയല്‍ മെല്‍ബണ്‍ ഹോസ്‌പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
ജല്‍വീന്ദര്‍ സിംങ് (23) എന്ന വിദ്യാര്‍ത്ഥിയ്‌ക്കാണ് കുത്തേറ്റത്. പഠനത്തിനുള്ള പണം കണ്ടെത്താനായാണ് ഒഴിവുസമയങ്ങളില്‍ ജല്‍വീന്ദര്‍ ടാക്‌സി ഓടിയ്‌ക്കുന്നത്.
യുവാവിനെ കുത്തിയ പാരിഷ് ചാള്‍സ്(45) എന്നയാളെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. കൊലപാതക ശ്രമം, കാര്‍ മോഷണശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയ ഇയാളെ കോടതി റിമാന്റ് ചെയ്‌തു. കേസിലെ തുടര്‍വാദം ജൂലൈ 23ലേയ്‌ക്ക് മാറ്റി.
ഇതിനിടെ സഹപ്രവര്‍ത്തകനെ കുത്തി പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് മെല്‍ബണില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വഴിതടയല്‍ സമരം നടത്തി. കുത്തേറ്റ് രണ്ടുമണിക്കൂറിലേറെനേരം രക്തത്തില്‍ കുളിച്ച് വഴിയരികില്‍ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് ഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്.
കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുത്തേറ്റ ഡ്രൈവര്‍ക്ക് വേണ്ട ധനസഹായം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഷര്‍ട്ടഴിച്ച് റോഡില്‍ ഇരുന്നായിരുന്നു ഡ്രൈവര്‍മാരുടെ പ്രതിഷേധപ്രകടനം. ആയിരത്തോളം ടാക്സി ഡ്രൈവര്മാരാണ് പ്രതിഷേധവുമായി റോഡില് അണിനിരന്നത്.
ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചതോടെയാണ് ഇവര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications