അമ്മയെയും മകളെയും കൊന്ന് കവര്‍ച്ച
ദില്ലി: അമ്മയെയും മകളെയും കൊലപ്പെടുത്തി അക്രമികള്‍ ഏഴു ലക്ഷത്തോളം രൂപ കവര്‍ന്നു. തെക്കന്‍ ദില്ലിയില്‍ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
കാല്‍കാജിയിലെ ഫ്ലാറ്റിലാണ് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശ(52)യം മകള്‍ അല്‍ക്ക(22)യുമാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഫ്ലാറ്റിലെ രണ്ടുമുറിയിലുമായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന 6.55 ലക്ഷം രൂപ കാണാനില്ലെന്ന് ആശയുടെ ഇളയമകന്‍ ഗോപാല്‍ പൊലീസിനെ അറിയിച്ചു.
ഉത്തംനഗറിലുണ്ടായിരുന്ന ഫ്ലാറ്റ് കഴിഞ്ഞദിവസം ഇവര്‍ ഏഴ് ലക്ഷം രൂപയ്‌ക്ക് വിറ്റിരുന്നു. ഈ പണമാണ് കാണാതായിരിക്കുന്നത്. അതിനാല്‍ ഇക്കാര്യമറിയാവുന്ന കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍തന്നെയാകാം കൊലയ്‌ക്കും മോഷണത്തിനും പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.
പണമല്ലാതെ ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളോ വീട്ടില്‍ നിന്നും മോഷണം പോയിട്ടില്ല. അല്‍കയുടെ ഭര്‍ത്താവ് ഹരിലാല്‍ ഓഖ് ലഫേസ് 1ലെ കോണ്‍ട്രാക്ടറാണ്. അയാളുടെ സഹായിയാണ് അല്‍കയുടെ സഹോദരന്‍ ഗോപാല്‍.
വെള്ളിയാഴ്‌ച വൈകുന്നേരം വരെ വീട്ടുകാരെ പുറത്തുകണ്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അയല്‍വീട്ടിലെ ഒരു കുട്ടി ടെറസിന് മുകളിലേയ്‌ക്ക് കളിയ്‌ക്കാനായി പോകുന്നതിനിടയിലാണ് തുറന്നിട്ട മുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മല്പ്പിടുത്തമോ മറ്റെന്തെങ്കിലും അക്രമമോ നടന്നിരുന്നതിനുള്ള തെളിവുകളൊന്നും ഫ്ലാറ്റില് നിന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications