കാമുകിയുമായെത്തിയ സൈനികനെ ഭാര്യയും ബന്ധുക്കളും പിടികൂടി
കായംകുളം: ഗര്‍ഭിണിയായ കാമുകിയുമൊത്ത് രഹസ്യമായെത്തിയ പട്ടാളക്കാരനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഹരിപ്പാട് സ്വദേശി രാജേന്ദ്രപ്രസാദിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് സ്വദേശിനി രാജിയെ 2004ലാണ് രാജേന്ദ്രപ്രസാദ് വിവാഹം ചെയ്തത്, ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.
വിവാഹശേഷം ദില്ലിയിലെ പട്ടാള ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കു താമസിച്ച രാജേന്ദ്രപ്രസാദ് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെ കൃഷ്ണപുരം സ്വദേശിനിയായ സന്ധ്യയുമായി അടുപ്പത്തിലായി. ഈ ബന്ധം ഭാര്യയും ബന്ധുക്കളും അറിഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ രണ്ടു വര്‍ഷത്തോളമായി നാട്ടില്‍ വന്നിരുന്നില്ല.
ഇയാളും കാമുകിയും കൂടി ബീക്കാനീര്‍ എക്സ്പ്രസ്സില്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഭാര്യ രാജിയും ബന്ധുക്കളും കായംകുളം റെയില്‍വേസ്റ്റേഷനില്‍ കാത്തുനിന്നത്. തീവണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഇയാളെയും പെണ്‍കുട്ടിയെയും ഭാര്യയും ബന്ധുക്കളും കൂടി പിടികൂടുകയായിരുന്നു.
റെയില്വേസ്റ്റേഷന് പ്ലാറ്റ്ഫോമില്‍ വെച്ച് വാക്കേറ്റവും അടിപിടിയും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രാജേന്ദ്രപ്രസാദിനെയും സന്ധ്യയേയും കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.