ആര്‍ ശങ്കറിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വി.എസ്
കൊച്ചി: മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിനെ താന്‍ അവഹേളിച്ചിട്ടില്ലെന്നും, അദ്ദേഹത്തെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യങ്ങളൊന്നുമറിയാതെ തന്നെ അവഹേളിക്കാന്‍ഇറങ്ങിയിരിക്കുന്ന രമേശ് ചെന്നിത്തല പോയി ചരിത്രം പഠിച്ച് നല്ല കോണ്‍ഗ്രസ്സുകാരനാകാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യൂത്ത്‌ഫോറം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.ശങ്കറിനെ താന്‍ എവിടെയും അവഹേളിച്ചിട്ടില്ല. ശങ്കറിന്റെ ശതാബ്ദിയാഘോഷ ഭാഗമായി എസ്‌എന്‍ഡിപി നേതാവ് കിളിമാനൂര്‍ ബാബുവും കൂട്ടരും സംഘടിപ്പിച്ച ചടങ്ങിലും, കെപിസിസി സംഘടിപ്പിച്ച ചടങ്ങിലും താന്‍ പ്രസംഗിച്ചപ്പോള്‍ ശങ്കറിനെ അവഹേളിക്കുകയുണ്ടായില്ല.
എസ്‌എന്‍ഡിപി യോഗം പ്രസിഡന്റായിരിക്കെ ഈഴവ സ്‌നേഹം വെച്ചുകൊണ്ട് ആര്‍.ശങ്കര്‍, പുന്നപ്ര വയലാര്‍ സമര ക്യാമ്പുകളിലെത്തി, സമരക്കാരോട് വീടുകളിലേക്ക് പോകാനും മറ്റും ഉപദേശിക്കുകയുണ്ടായി. വയലാര്‍ സമര നേതാവായിരുന്ന കുമാരപ്പണിക്കരെ കണ്ട അദ്ദേഹം പണിക്കരോടും ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരം അവസാനിപ്പിക്കാന്‍ കഴിയണമെന്നാണ് കുമാരപ്പണിക്കര്‍ ശങ്കറിനോട് ആവശ്യപ്പെട്ടത്.
ഇതുപ്രകാരം ആര്‍.ശങ്കര്‍ തിരുവനന്തപുരത്ത് പോയി സര്‍ സി.പി.യെ കണ്ടെങ്കിലും പുന്നപ്ര സമരത്തിന് നേരെ അധികാരികള്‍ വെടിവെയ്‌ക്കുകയാണുണ്ടായത്.
കോണ്‍ഗ്രസ്സില്‍ അമേരിക്കന്‍ മോഡല്‍ ഭരണത്തെ എതിര്‍ക്കുന്നവരും, അനുകൂലിക്കുന്നവരുമായ രണ്ട് സെറ്റുകള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ മോഡലിനെ അനുകൂലിക്കുന്ന പട്ടം താണുപിള്ളയുടെ സെറ്റിലായിരുന്നു ആര്‍.ശങ്കര്‍. എന്നാല്‍ സി.കേശവന്‍, ടി.എം.വര്‍ഗീസ്, കുമ്പളത്ത് ശങ്കുപ്പിള്ള എന്നീ നേതാക്കളെല്ലാം അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരായിരുന്നു.
അതേസമയം ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ആര്‍.ശങ്കര്‍, ഒട്ടേറെ നല്ല കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. വിദ്യകൊണ്ട് പുരോഗതി നേടുക എന്ന ഗുരുവിന്റെ വാക്ക് നടപ്പിലാക്കാന്‍ ഈഴവ സമുദായത്തിന്റെ കീഴില്‍ നിരവധി കോളേജുകള്‍ ആരംഭിച്ചത് ആര്‍.ശങ്കറായിരുന്നു. അദ്ദേഹം വര്‍ഗീയ രാഷ്ട്രീയത്തിന് കൂട്ടുനിന്നില്ല. വിമോചന സമരകാലത്ത് ഒരിക്കല്‍ മന്നത്തിന്‍േറയും മറ്റും കൂടെ നിന്നതല്ലാതെ, പിന്നീട് ഒരിക്കലും ആര്‍.ശങ്കര്‍ അങ്ങനെ നീങ്ങിയിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.ശങ്കറിന്റെ നല്ലവശങ്ങളും ചീത്തവശങ്ങളും ഞങ്ങള്‍ പണ്ടുതന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. ശങ്കറിനെ, നൂറാം വാര്‍ഷികംവരെ ഓര്‍ക്കാതിരുന്നവര്‍, ഇതുവരെ എവിടെയായിരുന്നു. ആര്‍.ശങ്കര്‍ നേതാവായിരുന്ന കാലം ചെന്നിത്തല, ചിലപ്പോള്‍ പിറന്നിട്ടുണ്ടാവില്ല. ഇതേക്കുറിച്ചെല്ലാം പഠിച്ച് നല്ല കോണ്‍ഗ്രസ്സുകാരനാവാന്‍ അദ്ദേഹം ശ്രമിക്കണം.
അക്കാലത്ത് ജീവിച്ചവരാണ് ഞങ്ങള്‍. അന്ന് ഉപദേശിക്കാന്‍ വന്നവരെ കാണുകയും അവരുടെ ഉപദേശം നേരിട്ട് കേള്‍ക്കുകയുമെല്ലാം ചെയ്‌തയാളാണ് ഞാന്‍. ചെന്നിത്തല, പറഞ്ഞുകേട്ട കാര്യങ്ങളാണ് പറയുന്നത് - മുഖ്യമന്ത്രി പറഞ്ഞു.
ഒരു കൊല്ലം കഴിയുമ്പോഴേക്കും തിരഞ്ഞെടുപ്പു വരും. അപ്പോള്‍കുറച്ചു വോട്ടുകിട്ടും എന്ന ലക്ഷ്യത്തോടെയാണ് ചെന്നിത്തല ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications