വരന് കണക്കറിയില്ല; വധു വിവാഹത്തില്‍ നിന്നും പിന്മാറി
ഗോപാല്‍ഗഞ്ച്(ബീഹാര്‍): ഗണിതശാസ്‌ത്രം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. എന്നാല്‍ കണക്കറിയാത്തതിന്റെ പേരില്‍ ആരുടെയെങ്കിലും വിവാഹം മുടങ്ങിയതായി കേട്ടിട്ടുണ്ടോ?
എന്നാല്‍ ബീഹാറിലെ സിവാന്‍ ജില്ലയിലെ കരോം ഗ്രാമവാസിയായ ടിങ്കു കണക്കറിയാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങിപ്പോയ ഒരു ഹതഭാഗ്യനാണ്. വിവാഹച്ചടങ്ങിനിടയില്‍ നല്‍കിയ ഒരു കണക്ക് ടിങ്കുവിന് പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് വധുവായ സരിതകുമാരി വിവാഹത്തില്‍ നിന്നും പിന്മാറിയത്.
ജഗ്‌തൗലി ഗ്രാമത്തിലെ വിശ്വനാഥ പ്രസാദിന്റെ മകളാണ് സരിത കുമാരി. വരന്റെ കൂട്ടര്‍ വധുവിന്റെ വീട്ടിലെത്തി ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കിയശേഷം വരനെ വിവാഹത്തിനായി സ്വീകരിച്ചിരുത്തി. ഇതിനിടയില്‍ വധുവിന്റെ വീട്ടിലെ ചില സ്‌ത്രീകള്‍ വരനോട് കണക്കിലെ ലളിതമായ ഒരു ചോദ്യം ചോദിച്ചു.
എന്നാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ടിങ്കുവിന് കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം വീടിനകത്ത് വിവാഹത്തിന് തയ്യാറായിക്കൊണ്ടിരുന്ന വധുവറിഞ്ഞു. ഇത്രയും ചെറിയ ഒരു കണക്ക് ചെയ്യാന്‍ കഴിയാത്തയാളാണ് തന്റെ ഭാവിവരനെന്ന് അറിഞ്ഞ വധു വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയായപ്പോള്‍ ഇരുവീട്ടുകാരും കുത്തിയിരുന്ന് ആലോചന തുടങ്ങി. അവസാനം ടിങ്കുവിന്റെ സഹോദരനായ പിങ്കുവിനെ വിവാഹം ചെയ്യാമെന്ന് സരിത സമ്മതിച്ചു. പിന്നീട് മൂന്നുദിവസത്തിന് ശേഷം എല്ലാവരുടെയും ആശീര്‍വാദത്തോടെ വിവാഹം നടക്കുകയും ചെയ്‌തു. കണക്കറിയാതെ വിവാഹം കഴിയ്‌ക്കാന്‍പോയ ടിങ്കു വെറുംകയ്യോടെ മടങ്ങുകയും ചെയ്‌തു.












Click it and Unblock the Notifications