തീര്‍ഥാടന കേന്ദ്രങ്ങളില്‍ സ്വകാര്യ വിമാനത്താവള പദ്ധതിയുമായി റിലയന്‍സ്
തൃശ്ശൂര്‍: സ്വകാര്യ മേഖലയില്‍ വിമാനത്താവളങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ തീര്‍ഥാടന കേന്ദ്രങ്ങളായ ഗുരുവായൂരിലും ശബരിമലയിലും വിമാനത്താവളം നിര്‍മ്മിയ്‌ക്കാന്‍ റിലയന്‍സ് രംഗത്ത്.
ഗുരുവായൂരിനും ശബരിമലയ്‌ക്കും പുറമെ മറ്റു മൂന്നിടങ്ങളില്‍ കൂടി വിമാനത്താവളങ്ങള്‍ നിര്‍മ്മിയ്‌ക്കാനാണ് അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് ലിമിറ്റഡ് കേന്ദ്ര വ്യോമ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്.
പഴനി, തിരുപ്പതി, കാശി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളാണ് റിലയന്‍സ് വിമാനത്താവളങ്ങള്‍ക്കായി പരിഗണിയ്‌ക്കുന്ന മറ്റു പ്രദേശങ്ങള്‍.
പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി വിമാന സര്‍വീസ് ആരംഭിയ്‌ക്കുമെന്നും അക്കൂട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന ഗുരുവായൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ഓഗസ്‌റ്റ് 26ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.
റിലയന്‍സിനെക്കൂടാതെ ബിര്‍ള, ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്, ബംഗാള്‍ ഏര്‍ട്രി തുടങ്ങിയവയും സ്വകാര്യ വിമാനത്താവളങ്ങള്‍ക്കായി അപേക്ഷ നല്‌കിയിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങളെക്കൂടാതെ രാജ്യത്തെ പ്രമുഖ വിനോദ-വാണിജ്യ കേന്ദ്രങ്ങളിലും എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിയ്‌ക്കാന്‍ റിലയന്‍സ് ലക്ഷ്യമിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിന് സമീപത്തുള്ള ചൂണ്ടല്‍, എലവള്ളി, അഞ്ഞൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് റിലയന്‍സ് വിമാനത്താവള സ്ഥാപിയ്‌ക്കുന്നതിനായി പരിഗണിച്ചിട്ടുള്ളത്.
അനുയോജ്യമായ സ്ഥലങ്ങള്‍ക്കായും പദ്ധതി കൊണ്ടുള്ള ലാഭം കണക്കാക്കുന്നതിനും വിദേശത്തു നിന്നുള്ള വിദഗ്‌ദ്ധരെ റിലയന്‍സ് ചുമതലയേല്‌പിച്ചിട്ടുണ്ട്.
വിമാനത്താവള നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് റിലയന്‍സ് സൂക്ഷ്‌മമായാണ് ഓരോ ചുവടും വെയ്‌ക്കന്നത്. റിലയന്‍സ് ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പുകള്‍ വന്‍ നഷ്ടം വരുത്തിയ സാഹചര്യത്തിലാണ് വിദേശത്തു നിന്നുള്ള വിദഗ്‌ദ്ധരെ പദ്ധതി അവലോകനത്തിനായി കൊണ്ടു വന്നിരിയ്‌ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്ണൂറോളം കോടി രൂപയുടെ നഷ്ടമുണ്ടായതിനാല്‍ 900 പെട്രോള്‍ പമ്പുകള്‍ നിര്‍ത്താന്‍ റിലയന്‍സ് തീരുമാനമെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications