20 വര്ഷം മുന്പ് മരിച്ച കുട്ടികളുടെ മൃതദേഹം ഫ്രീസറില്‍
ബെര്‍ലിന്‍: ഇരുപതോളം വര്‍ഷം മുമ്പ് മരിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ശരീരം വീട്ടിലെ നിലവറയിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
ജര്‍മനിയിലെ നോര്‍ത്ത് റൈനെവെസ്റ്റ് ഫാലിയയ്‌ക്കടുത്ത് വെന്‍ഡെന്‍ മോല്‍മിക് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞുങ്ങളുടെ അമ്മയെ പോലീസ് അറസ്റ്റുചെയ്‌തു.
1980കളുടെ അവസാനത്തില്‍ ജനിച്ച മൂന്ന് പേരും ജനിച്ച് ഏറെ കഴിയുംമുമ്പെ തന്നെ മരിച്ചിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൃതശരീരങ്ങള്‍ക്ക് 18 മുതല്‍ 24 വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്നു.
44 കാരിയായ അമ്മയ്‌ക്കൊപ്പം ഭര്‍ത്താവും 18ഉം 23ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും 24കാരിയായ മകളും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.
വീട്ടിലെ മുതിര്‍ന്ന കുട്ടികളാണ് നിലവറയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ക്കായി പരതുന്നതിനിടയിലാണിവര്‍ മൃതദേഹങ്ങള്‍ കണ്ടത്.
മൃതദേഹങ്ങളില്‍ രണ്ടെണ്ണം പ്ലാസ്റ്റിക് കവറിലും ഒന്ന് പത്രത്തില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മൃതദേഹം പൊതിഞ്ഞ പത്രം 1988ല്‍ പ്രസിദ്ധീകരിച്ചതാണ്.
മൃതദേഹം കണ്ടെത്തിയശേഷം ഇവര്‍ അച്ഛനമ്മമാര്‍ തിരിച്ചെത്തുന്നതുവരെ കാത്തിരുന്നു. പിന്നീട് നാല്‍പ്പത്തിനാലുകാരിയായ സ്‌ത്രീയും ഭര്‍ത്താവും മകളും കൂടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
സമീപ കാലങ്ങളില്‍ ജര്‍മനിയില്‍ ഇത്തരം ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. തന്റെ 10 മക്കളില്‍ ഒമ്പത് പേരെയും ജനിച്ചയുടനെ കൊല ചെയ്‌ത അമ്മയെ കഴിഞ്ഞ മാസം ബ്രാന്‍ഡെന്‍ ബര്‍ഗില്‍ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വീട്ടിലെ പൂപ്പാത്രങ്ങളിലും ബക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് 2005 ജൂലായില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications