ഒറീസയെ ഒഡിഷയാക്കാന്‍ സര്‍ക്കാര്‍
ദില്ലി: ഒറീസ്സയുടെ പേര് 'ഒഡിഷ'യെന്നും ഒറിയാ ഭാഷയെ ഒഡിയായെന്നും മാറ്റാന്‍ ഒറീസ്സ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒറീസയിലെ നവീന്‍ പട്‌നായക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചു.
1950ല്‍ ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് ഒറീസ്സയെന്ന് എഴുതിയത് തെറ്റാണെന്നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. മിശ്ര കേന്ദ്ര സര്‍ക്കാറിനെഴുതിയ കത്തില്‍ പറയുന്നത്.
എന്നാല്‍ ഒറിയ ഭാഷയില്‍ തങ്ങളുടെ സംസ്ഥാനത്തിന്റെ പേര് ഒഡിഷയെന്നാണ് ഉച്ചരിക്കുന്നത്. അതുപോലെ ഭാഷയെ ഒഡിയയെന്നും വിളിക്കുന്നു. ദേവനാഗരി ലിപിയില്‍ ഒറീസ്സയെ 'യുധിഷ'യെന്നും ഒറിയയെ 'യുധിയ'യെന്നുമാണ് എഴുതുന്നത്.
ഇതുകാരണം തങ്ങളുടെ സംസ്ഥാനത്തെ ഒഡിഷയെന്നും ഭാഷയെ ഒഡിയയെന്നും മാറ്റിവിളിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. സംസ്ഥാന നിയമസഭയില്‍ ഇതുസംബന്ധിച്ച നിയമം പാസ്സാക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൈസൂരിന്റെ പേര് കര്‍ണാടകമെന്നും മദ്രാസ് തമിഴ്‌നാടെന്നും, ഉത്തരാഞ്ചല്‍ ഉത്തരാഖണ്ഡ് എന്നും മാറ്റിയിട്ടുണ്ട്. ഇതേപോലെ ഒറീസയുടെ പേര് ചരിത്രത്തില്‍ പറയുന്നതുപോലെ കലിംഗയെന്നോ ഉത്‌കലയെന്നോ മാറ്റാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദ്ദേശം തള്ളുകയും ഒഡീഷയെന്നാക്കി മാറ്റണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുകയുമായിരുന്നു.












Click it and Unblock the Notifications