അമര്‍നാഥില്‍ വെണ്ണക്കല്‍ ശിവലിംഗം സ്ഥാപിച്ചു
ജമ്മു: അമര്‍നാഥ് ഗുഹാക്ഷേത്ര കവാടത്തില്‍ വെണ്ണക്കല്‍ ശിവലിംഗം സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാനം കൊണ്ടും തീര്‍ത്താടകരുടെ ആധിക്യം കൊണ്ടുള്ള ചൂടു തട്ടിയും മറ്റും മഞ്ഞുകൊണ്ടുള്ള യഥാര്‍ത്ഥ ശിവലിംഗം ഇല്ലാതാകുകയും ഭക്തര്‍ക്ക് ദര്‍ശനം അസാധ്യമാവുകയും ചെയ്യുന്നതിന് പരിഹാരമായാണ് അധികൃതര്‍ അഞ്ചടി ഉയരമുള്ള വെണ്ണക്കല്‍ ശിവലിംഗം സ്ഥാപിച്ചത്.
ഹിമശിവലിംഗ സംരക്ഷണത്തിനായി ഇരുമ്പുവേലിയും കെട്ടിയിട്ടുണ്ട്. ഇനി തീര്‍ത്ഥാടകര്‍ കര്‍പ്പൂരാരതിയും മറ്റും ഗുഹാകവാടത്തിലെ വെണ്ണക്കല്‍ ശിവലിംഗപ്രതിഷ്‌ഠയില്‍ വേണം നടത്താന്‍. ഗുഹയിലെ ഹിമലിംഗം കണ്ട് പ്രാര്‍ത്ഥനയും നടത്താം.
യഥാര്‍ത്ഥ ശിവലിംഗത്തിന്റെ ഏതാനും മീറ്റര്‍ അകലെ ഗുഹാകവാടത്തിന്റെ വലതുവശത്തായാണ് വെണ്ണക്കല്‍ ലിംഗം സ്ഥാപിച്ചിരിക്കുന്നത്.
പലവട്ടം ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് ശിവലിംഗം കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ ശിവലിംഗം സ്ഥാപിച്ചത്. ഇനി ഇതിന് മുന്നില്‍ പൂജനടത്തുകയും യഥാര്‍ത്ഥ ശിവലിംഗത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്യാം- ബോര്‍ഡ് അംഗമായ വൈഷവ് മൂര്‍ത്തി ശാസ്‌ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനകാലത്ത് ഹിമശിവലിംഗം ഉരുകി ഇല്ലാതായത് ഒട്ടേറെ തീര്‍ത്ഥാടകരെ നിരാശരാക്കിയിരുന്നു. മാത്രമല്ല അധികാരികള്‍ കൃത്രിമമായി ഹിമശിവലിംഗം സ്ഥാപിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
വര്‍ഷംതോറും രണ്ടുലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ അമര്‍നാഥിലെ ശിവലിംഗം കണാനായി എത്തുന്നുണ്ട്. ഇവര്‍ ശിവലംഗത്തില്‍ തൊട്ടുതൊഴുന്നതും കര്‍പ്പൂരാരതി നടത്തുന്നതുമാണ് ഹിമശിവലിംഗം ഉരുകാന്‍ കാരണമാകുന്നതെന്നാണ് ക്ഷേത്രാധികാരികള്‍ പറയുന്നത്.












Click it and Unblock the Notifications