25കാരന്റെ കൊലപാതകം; മോഡല്‍ അറസ്‌റ്റില്‍
മുംബൈ: ഇരുപത്തിയഞ്ചുകാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പഞ്ചാബി മോഡല്‍ അറസ്‌റ്റിലായി.
വിക്രംജിത് സിംങ് മുക്താര്‍ സിങ് എന്നയാള്‍ കൊല്ലപ്പെട്ടകേസിലാണ് മോഡലും ചലച്ചിത്രസംവിധായകനുമായ സ്വതന്ത്രപാല്‍ സിംഭ് കച്ചാസിംങ്(24) ആണ് പിടിയിലായത്.
വിക്രംജിത്തിനെ കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വാഗ്‌ദാനം നിറവേറ്റാന്‍ കഴിയാത്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഏഴുലക്ഷം രൂപനല്‍കിയാല്‍ വിക്രംജിത്തിനെ കാനഡയിലേയ്‌ക്ക് കൊണ്ടുപോകാമെന്നായിരുന്നുവത്രേ സ്വതന്ത്രപാലിന്റെ വാഗ്‌ദാനം.
തന്റെ സിനിമാ ഷൂട്ടിംഗ് യൂണിറ്റിനൊപ്പം കാനഡയിലേക്ക് പോകാമെന്ന് പിന്നീട് വിക്രംജിത്തിന് അവിടെ തങ്ങാമെന്നുമായിരുന്നു സ്വതന്ത്രപാല്‍ പറഞ്ഞിരുന്നത്. ഇതിനെത്തുടര്‍ന്ന് വിക്രംജിത് 1.5ലക്ഷം രൂപ സ്വതന്ത്രപാലിന് നല്‍കുകയുണ്ടായി. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിനെത്തുടര്‍ന്ന് വിക്രംജിത് സ്വതന്ത്രപാലിനെ ചോദ്യം ചെയ്‌തു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞദിവസം പഞ്ചാബില്‍ സിനിമാ ചിത്രീകരണത്തിന് പോയ സ്വതന്ത്രപാല്‍ വിക്രംജിത്തിനെ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് മുംബൈയ്‌ക്ക് വന്നു. ബുധനാവ്‌ച വൈകീട്ട് രണ്ടുപേരും ഒഷിവാരയിലെ സ്വതന്ത്രപാലിന്റെ മുറിയിലെത്തിയശേഷമാണ് വാക്കേറ്റമുണ്ടായതും കൊലനടന്നതും.
വിക്രംജിത്തിന്റെ കഴുത്തറുത്തശേഷം ഒരു പുതപ്പില്‍ പൊതിഞ്ഞ് ജോഗേഴ്‌സ് പാര്‍ക്കില്‍ തള്ളുകയായിരുന്നു. മൃതദേഹത്തിന്റെ കീശയിലുണ്ടായിരുന്ന പാന്‍കാര്‍ഡില്‍ നിന്നാണ് പൊലീസിന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
വെള്ളിയാഴ്‌ച ഉച്ചയോടെ ഒരു മള്‍ട്ടിപ്ലക്‌സില്‍വച്ചാണ് സ്വതന്ത്രപാല്‍ അറസ്റ്റിലായതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു. സ്വന്ത്രപാലിന് മനുഷ്യക്കടത്ത് ശൃംഗലയുമായി ബന്ധമുണ്ടോയെന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications