കര്ണ്ണാടകത്തില്‍ ഒന്നാംഘട്ട പോളിംഗ്; കനത്ത സുരക്ഷ
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേയ്‌ക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിയ്‌ക്കുന്നു. തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ നഗരത്തിലെയും ഗ്രാമങ്ങളിലെയും പോളിംങ് ബൂത്തുകളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.
1.73കോടി വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ബാംഗ്ലൂര്‍ അര്‍ബന്‍, റൂറല്‍, മൈസൂര്‍, കുടക്, തുംകൂര്‍, ചിക്കബല്ലാപൂര്‍, മാണ്ഡ്യ, ഹാസന്‍, ചാമരാജ് നഗര്‍ തുടങ്ങി 11 ജില്ലകളിലെ 89 മണ്ഡലങ്ങളില്‍ നിന്നായി 941 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 440 സ്വതന്ത്രരും ഉള്‍പ്പെടുന്നു.
18,562 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിലേയ്‌ക്കായി ഒരു ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും ഗൗഡാദള്‍ നേതാവുമായ എച്ച് ഡി കുമാരസ്വാമിയാണ് ആദ്യഘട്ടത്തില്‍ ജനവിധിതേടുന്നവരില്‍ പ്രധാനി. മുന്‍ മുഖ്യമന്ത്രി രാമകൃഷ്‌ണ ഹെഗ്‌ഡെയുടെ മകല്‍ മമത നിച്ചാനിയാണ് കുമാരസ്വാമിയുടെ എതിരാളി.
കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലും, കേന്ദ്രമന്ത്രി അംബരീഷ് ശ്രീരംഗപട്ടണത്തും മത്സരിക്കുന്നു. ബിജെപിയ്‌ക്കും കോണ്‍ഗ്രസിനും ഗൗഡാദളിനും തുല്യ സ്വാധീനമുള്ള മേഖലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് സുഗമമാക്കാന്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. വിവിധ പോളിംഗ് സ്‌റ്റേഷനുകളിലായി 58,000 സുരക്ഷാ ഭടന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 25,000 സംസ്ഥാന പോലീസും 15,000 അര്‍ദ്ധസൈനികരും, 15,000 ഹോം ഗാര്‍ഡുകളും ഉള്‍പ്പെടുന്നു.
ബാംഗ്ലൂര്‍ നഗരത്തിലെ 26 മണ്ഡലങ്ങളില്‍ ആകെ 5685 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 2000ബൂത്തുകള്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതിനോടകം ആയിരത്തോളം പേരെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications