ഭക്ഷ്യ പദ്ധതി : സിപിഐ വഴങ്ങുന്നു
ഇതോടെ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിലാവും പദ്ധതി നടപ്പാക്കുകയെന്ന് ഉറപ്പായി. ബൃഹത്തായ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല ഘടകകക്ഷികളെ ഏല്‍പ്പിക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഉറച്ച നിലപാടിനു മുന്നില്‍ സിപിഐയ്ക്ക് വഴങ്ങേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ നേതൃസ്ഥാനത്തേയ്ക്ക് മുഖ്യമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കുക വഴി സിപിഎം തന്ത്രപരമായ വിജയമാണ് നേടിയത്. സാധാരണ മന്ത്രിസഭാ ഉപസമിതികളുടെ അധ്യക്ഷസ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കാറില്ല. ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല സ്വാഭാവികമായും ധനമന്ത്രി ഡോ. തോമസ് ഐസക്കിനാണ് വന്നു ചേരേണ്ടത്.
അത്തരമൊരു നീക്കം അതിരൂക്ഷമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്ന് മനസിലാക്കിയ സിപിഎം നേതൃത്വം ബുദ്ധിപൂര്‍വം ചുമതല മുഖ്യമന്ത്രിക്ക് നല്‍കാനുളള നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. ബൃഹത്തായ പദ്ധതിയുടെ നേതൃചുമതല നിരസിക്കാനുളള ബുദ്ധിമോശം മുഖ്യമന്ത്രി കാണിക്കില്ലെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന് ഉറപ്പായിരുന്നു. നിര്‍ണായക പ്രശ്നങ്ങളില്‍ വിഎസിന് കിട്ടിയിരുന്ന സിപിഐ പിന്തുണ ഇല്ലാതാക്കാനും ഈ നിര്‍ദ്ദേശം സഹായകരമാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
ഭക്ഷ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കണമെങ്കില്‍ സിപിഎമ്മിന്റെ സംഘടനാ സ്വാധീനം പൂര്‍ണമായും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിക്കും അറിയാം. നേതൃചുമതല സിപിഐയെ ഏല്‍പ്പിച്ചാല്‍, പ്രാദേശികാടിസ്ഥാനത്തില്‍ ഇപ്പോള്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇരുപാര്‍ട്ടികളുടെയും അണികള്‍ തമ്മിലുളള വൈരം കൂടുകയേ ഉളളൂ. സിപിഐ നേതാക്കളോട് വഴക്കടിച്ച് സിപിഎമ്മുകാര്‍ പദ്ധതിയില്‍ നിന്നും വിട്ടുനിന്നാല്‍ ഉദ്ദേശിക്കുന്ന വിജയം കിട്ടില്ലെന്ന് വിഎസിനുമറിയാം.
ഏതായാലും പ്രചണ്ഡമായ കോലാഹലങ്ങളോടെ സിപിഐ കൊണ്ടുവന്ന മറ്റൊരു തര്‍ക്കം കൂടി ചായക്കോപ്പയിലെ കൊടുങ്കാറ്റാവുകയാണ്. കേന്ദ്ര നേതൃത്വം വഴി സമ്മര്‍ദ്ദം ചെലുത്തി തീരുമാനം തങ്ങള്‍ക്കനുകൂലമാക്കാമെന്ന സിപിഐ സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പ്രതീക്ഷയും സുധാകര്‍ റെഡ്ഢിയുടെ പ്രസ്താവനയോടെ തെറ്റി.












Click it and Unblock the Notifications