വയനാട് ഇനി ഓണ്‍ലൈനില്‍
കല്‍പ്പറ്റ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിവരങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കി വയനാട് ജില്ല ചരിത്രത്തിലേയ്ക്ക്.
പദ്ധതിയുടെ വിവരങ്ങള്‍ സമ്പൂര്‍ണമായി ലഭ്യമാകുന്ന രാജ്യത്തെ ആദ്യ ജില്ല എന്ന ബഹുമതിയാണ് വയനാട് നേടുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലന്വേഷിക്കുന്നവര്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും ഇനി ഓണ്‍ലൈനില്‍ അറിയാനാകും.
പിന്നോക്ക വിഭാഗക്കാര്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 100 തൊഴില്‍ ദിനങ്ങളെങ്കിലും ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. പദ്ധതി പ്രകാരം തൊഴില്‍ അന്വേഷിക്കുന്നവര്‍, പദ്ധതികള്‍, ശംബളം, ഓരോ പദ്ധതിയ്ക്കും അനുവദിക്കുന്ന തുക എന്നിവയാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നത്.
തൊഴിലന്വേഷകര്‍ പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ അവര്‍ക്ക് എംപ്ലോയ്‍മെന്റ് കാര്‍ഡ് ലഭിക്കുന്നു. ഈ കാര്‍ഡിലെ നമ്പര്‍ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നത്. തൊഴില്‍, തൊഴിലാളി എന്നിവയെക്കുറിച്ച് എല്ലാ വിവരങ്ങളും ഇങ്ങനെ ഓണ്‍ലൈനായി രേഖപ്പെടുത്തുമ്പോള്‍ സുതാര്യത പൂര്‍ണമായും ഉറപ്പു വരുത്താനാകുന്നു.
പദ്ധതിയ്ക്ക് വേണ്ട കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയായിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ പൂര്‍ണമായും കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പഞ്ചായത്തുകളില്‍ ബ്രോഡ്‍ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതോടെ പദ്ധതി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications