ജയ്‌പൂരില്‍ സ്‌ഫോടന പരമ്പര; 80 പേര്‍ മരിച്ചു
ജയ്‌പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ നടന്ന എട്ടുശക്തമായ സ്‌ഫോടനങ്ങളില്‍ 80 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്‌ച വൈകീട്ട് 7.35നാണ് സ്‌ഫോടനങ്ങളുടെ തുടക്കം. പതിനഞ്ചു മിനിറ്റിനിടെ ഏഴു സ്‌ഫോടനങ്ങളാണുണ്ടായത്.
തിരക്കേറിയ മനാക് ജൊഹാരി ബസാര്‍, ഹവാ മഹല്‍, സാങ്കനേരി ഗേറ്റ്, ട്രിപ്പോളിയ ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. പഴയ ജയ്‌പൂര്‍ നഗരത്തിലെ ജനത്തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ഇതില്‍ നാല് സ്‌ഫോടനങ്ങളും നടന്നത്. ഇവിടെ കാറിലും സൈക്കിളിലും കടയിലുമാണ് ബോബുകള്‍ വച്ചിരുന്നത്.
ആര്‍ഡിഎക്‌സാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്നു. സ്‌ഫോടനം നടത്തിയവര്‍ക്ക് പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ സഹായം ലഭിച്ചതായി സൂചനയുണ്ട്. ട്രിപ്പോളിയ ബസാറിലെ ഹനുമല്‍ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നതിനാല്‍ നഗരത്തില്‍ വന്‍തിരക്കുണ്ടായിരുന്നു. ഒട്ടേറെ വിദേശ വിനോദസഞ്ചാരികളും നഗരത്തിലുണ്ടായിരുന്നു.
ഓടിക്കൊണ്ടിരുന്ന കാറിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. അടുത്ത സ്‌ഫോടനം ഒരു തുണിക്കടയിലായിരുന്നു. സൈക്കിളില്‍ സ്ഥാപിച്ച ബോംബുകളിലൂടെയാണ് ബാക്കി സ്‌ഫോടനങ്ങള്‍ നടന്നത്. ദ്രുതകര്‍മ്മസേന പെട്ടന്നുതന്നെ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.
ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ബോംബ് സ്‌ക്വാഡ് സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഒരു ബോംബ് കണ്ടെത്തി നിര്‍വ്വീര്യമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന് ഡിജിപി എ.എസ് ഗില്‍ പറഞ്ഞു.
സ്‌ഫോടനം സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന പൊലീസ് വേണ്ട മുന്‍കരുതല്‍ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
സ്‌ഫോടനമേഖലയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എസ്‌പിയും ബിജെപിയും രാജസ്ഥാനില്‍ ബുധനാഴ്‌ച ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.












Click it and Unblock the Notifications