വീട്ടമ്മയുടെ കാല്‍ തല്ലിയൊടിച്ചു; തടഞ്ഞ ബന്ധുവിന്റെ ചെവി വെട്ടിമുറിച്ചു
ആലുവ: മക്കളുടെ മുന്നിലിട്ട് വീട്ടമ്മയുടെ കാല്‍ അക്രമി തല്ലിയൊടിച്ചു, തടയാനെത്തിയ ബന്ധുവിന്റെ ചെവി വടിവാള്‍കൊണ്ട് വെട്ടിമുറിച്ചു.
ആലുവയിലെ പുളിഞ്ചുവട് ശാസ്‌താ ലെയിനിലാണ് ചൊവ്വാഴ്‌ച രാവിലെ സംഭവം നടന്നത്. വീടുകയറി നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ തണ്ടിക്കല്‍ സുബ്രഹ്മണ്യന്റെ ഭാര്യ ജയശ്രീ(44) അമ്മാവന്‍ ഉപേന്ദ്രപൈ(56) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ നോക്കിനില്‍ക്കേയാണ് ജയശ്രീയുടെ ഇടതുകാല്‍ ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ചത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉപേന്ദ്രയുടെ ചെവിയില്‍ അക്രമി വടിവാള്‍ കൊണ്ട് വെട്ടി. ഇദ്ദേഹത്തിന്റെ തലയ്‌ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഹൃദ്രോഗിയായ സുബ്രഹ്മണ്യന്‍ വ്യായാമത്തിനായി പുറത്തുപോയ സമയത്താണ് ആക്രമണം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉപേന്ദ്രയെ അടിയന്തര ശസ്‌ത്രക്രിയ്‌ക്ക് വിധേയനാക്കി. ജയശ്രീയുടെ കാലിന് രണ്ടിടത്ത് ഒടിവുണ്ട്.
വീടുകയറി ആക്രമണം നടത്തിയ പട്ടേരിപ്പുറം സ്വദേശി സുനിയെ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ച നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്താണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications