കണിച്ചുകുളങ്ങര കൂട്ടക്കൊല: 9പേര്‍ കുറ്റക്കാരാണെന്ന് കോടതി
ആലപ്പുഴ: കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ആദ്യത്തെ എട്ടുപ്രതികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. മൂന്നുപേരെ വെറുതെ വിട്ടിട്ടുണ്ട്.
കുറ്റക്കാര്‍ക്കുള്ള ശിക്ഷ മെയ് 17ന് വിധിയ്‌ക്കും. ഒന്നാം പ്രതി ഉണ്ണി, രണ്ടാംപ്രതി അജിത് കുമാര്‍, മൂന്നാം പ്രതി മൃഗം സാജു, നാലാം പ്രതി ഷിബി, അഞ്ചാം പ്രതി ഉണ്ണികൃഷ്‌ണന്‍, ആറാം പ്രതി സജിത്ത്, ഏഴാം പ്രതി ബിനീഷ്, എട്ടാം പ്രതി ഗോകല്‍, പന്ത്രണ്ടാം പ്രതി ഷിബിന്‍രാജ് എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയത്.
5,8,12 പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ഒന്‍പതാം പ്രതി ഡാനിയേല്‍, പത്താം പ്രതി അംബിക, പതിനൊന്നാം പ്രതി സുജിത്ത് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.
2007 ഓഗസ്‌റ്റ് 20നാണ് ജില്ലാ സെഷന്‍സ് ജഡ്‌ജി ഡി. ശ്രീവല്ലഭന്‍ മുമ്പാകെ കേസിന്റെ വിചാരണ ആരംഭിച്ചത്.
2005 ജൂലൈ 20ന് കണിച്ചുക്കുളങ്ങര ജംങ്‌ഷന് സമീപം എവറസ്റ്റ് ചിട്ടി ഫണ്ടിന്റ ഉടമയായയ രമേശ് സഞ്ചരിച്ച ടാറ്റ സഫാരി കാറില്‍ മനപ്പൂര്‍വ്വം ലോറി ഇടിച്ചുകയറ്റി, രമേശും സഹോദരിയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹിമാലയ ചിട്ടി ഫണ്ടിന്റെ എംഡിമാരായ സജിത്ത്, ബിനീഷ് എന്നിവരുമായി തെറ്റിപ്പിരിഞ്ഞ് രമേശ് എവറസ്റ്റ് ചിട്ടി ഫണ്ട് തുടങ്ങിയതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ആലപ്പുഴ ക്രൈം ഡിറ്റാച്ചമെന്റ് ഡിവൈഎസ്‌പി പിഎ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications