കേരളത്തിലേക്ക് 6 മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ കൂടി
കൊച്ചി: കേരളത്തിന്റെ ആകാശം ലക്ഷ്യമിട്ട് ആറ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ കൂടി രംഗത്ത്.
പ്രശസ്‌ത ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വീഡിയോകോണ്‍ ഗ്രൂപ്പിന് കീഴിലുള്ള ഡാറ്റാകോം സൊല്യൂഷന്‍സ്, ബിപിഎല്ലിന്റെ ലൂപ്പ് ടെലികോം, സ്വാന്‍ ടെലികോം, ടാറ്റ ടെലിസര്‍വീസ്, ശ്യാം ടെലി ലിങ്ക് എന്നിവരാണ് എന്നിവര്‍ക്കാണ് കേരളത്തില്‍ പ്രവര്‍ത്തിയ്‌ക്കാനുള്ള അനുമതി ലഭിച്ചിരിയ്‌ക്കുന്നത്.
ഇതോടെ കേരളത്തിലെ മൊബൈല്‍ ഫോണ്‍ സേവന മേഖലയിലെ മത്സരം കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. ഐഡിയ സെല്ലുലാര്‍, ബിഎസ്‌എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസ് എന്നീ കമ്പനികളാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ വിപണിയിലുള്ളത്.
ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ള ശ്യാം ടെലി ലിങ്കിന് സിഡിഎംഎ ടെലികോം സേവനം നല്‌കാനാണ് അനുമതി. കൂടാതെ ഇപ്പോള്‍ സംസ്ഥാനത്ത് സിഡിഎംഎ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ടാറ്റയ്‌ക്ക് ജിഎസ്‌എം മേഖലയിലേക്ക് പുതുതായി അനുമതി ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലുള്ള മൊത്തം മൊബൈല്‍ ടെലികോം വിപണിയില്‍ നാലു ശതമാനത്തോളം കേരളത്തിന്റെ സംഭാവനയാണ്. കൂടുതല്‍ ടെലികോം കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിയ്‌ക്കുന്നതിനുള്ള പ്രധാന കാരണവും ഇതാണ്.
സംസ്ഥാനത്ത് ഒരു കോടിയിലേറെ മൊബൈല്‍ ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്. പുതിയ കമ്പനികളുടെ വരവോടെ ഇത് ഇനിയും വര്‍ദ്ധിച്ചേക്കും.
പുതിയ അഞ്ച് കമ്പനികള്‍ക്ക് 4.4 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വീതമാണ് അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ കമ്പനികള്‍ മത്സര രംഗത്തെത്തുമ്പോള്‍ ഫോണ്‍ നിരക്കുകളില്‍ വന്‍ കുറവണ്ടായേക്കും. മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കാനും ഫോണ്‍ കമ്പനികള്‍ തയ്യാറായേക്കും.


Click it and Unblock the Notifications