യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തലയ്‌ക്കടിച്ചു കൊന്നു
ബാലരാമപുരം: അഞ്ചംഗ സംഘം യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തലയ്‌ക്കടിച്ചു കൊന്നു.
വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടുമണിക്കാണ് വഴുതക്കാട് എംപി അപ്പന്‍ നഗറിലെ താമസക്കാരനയ ബിജു(28)നെ ബാലരാമപുരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തലയ്‌ക്കടിച്ച് കൊന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസത്തിലേറെയായി ബാലരാമപുറം താന്നിവിള മുതുവല്ലൂര്‍കോണം സ്വദേശിയും സുഹൃത്തുമായ ഗോപകുമാറിന്റെ വീട്ടിലാണ് ബിജു താമസിക്കുന്നത്.
പുലര്‍ച്ചെയെത്തിയ അഞ്ചംഗസംഘം വീടിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ അകത്തുകയറി ബിജുവിനെ ബലം പ്രയോഗിച്ച് പുറത്തിറക്കി മരക്കഷണങ്ങള്‍കൊണ്ട് തല്ലുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച ഗോപകുമാറിനും പരുക്കേറ്റു. ഗോപകുമാറിന്റെ പിതാവ് മുരളീധരന്‍ വെട്ടുകത്തിയുമായി പുറത്തിറങ്ങിയപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ ബിജുവിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഗോപനും ബിജുവും മുന്‍പ് ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്നു. ഇപ്പോള്‍ ബിജു ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ വിതരണം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.












Click it and Unblock the Notifications