മൂഴിയാര്‍ പവര്‍ഹൗസില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‌പാദനം നടത്തിക്കൊണ്ടിരുന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ച രണ്ടുപേര്‍മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.
മൂഴിയാര്‍ പവര്‍ഹൗസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കടന്പനാട് പുളിവേലില്‍ ഷിബു ഫിലിപ്പ് (42), ജനറേറ്ററിന്റെ നവീകരണ ജോലി നടത്തിക്കൊണ്ടിരുന്ന സ്വകാര്യ കന്പനിജീവനക്കാരന്‍ ഇടയാറന്മുള അനില്‍കുമാര്‍ (32) എന്നിവരാണ് മരിച്ചത്. ജനറേറ്റ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
വെള്ളിയാഴ്‌ച 4.30-നാണ് അപകടം നടന്നത്. സംഭവം നടന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് തീ കെടുത്താനായത്. റാന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്.
പരുക്കേറ്റവരെ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലുള്ള ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കോടികളുടെ നഷ്ടമുണ്ടായതായാണ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍. സംഭവത്തെത്തുടര്‍ന്ന് ഇവിടെനിന്നുള്ള വൈദ്യുതി ഉല്‌പാദനം പൂര്‍ണമായി നിലച്ചു.
പദ്ധതിയിലെ നാലാം നന്പര്‍ ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. നവീകരണജോലി പൂര്‍ത്തിയാക്കി ഏതാനും ദിവസംമുന്പാണ് ഈ ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉല്‌പാപാദനം തുടങ്ങിയത്. പൊട്ടിത്തെറിയില്‍ ജനറേറ്ററിന്റെ റോട്ടറും ഘടകഭാഗങ്ങളും ദൂരേയ്‌ക്ക് തെറിച്ചുവീണു.
സംഭവസമയത്ത് 40ഓളം ജീവനക്കാര്‍ വിവിധ സെക്ഷനുകളിലായി ഉണ്ടായിരുന്നു. ഇവരിലധികം പേരും പവര്‍ഹൗസില്‍ത്തന്നെ എം.ഐ.വി. കേബിളിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
സ്ഫോടനത്തെത്തുടര്‍ന്ന് വൈദ്യുതി നിലയ്ക്കുകയും പവര്‍ഹൗസിനുള്ളില്‍ പുകമൂടുകയും ചെയ്തതിനെത്തുടര്‍ന്ന് ഉള്ളിലുണ്ടായിരുന്നവര്‍ക്ക് അല്‍പസമയത്തേയ്ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പവര്‍ ഹൗസിനുള്ളിലാണ് കണ്ടെത്തിയത്. അനില്‍ കുമാറിന്‍റെ തല വേര‍്പെട്ട നിലയിലായിരുന്നു. ഭാര്യയുടെ പേരെഴുതിയ മോതിരത്തില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അപകടത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തൊട്ടാകെ ലോഡ് ഷെഡ്ഡിംഗ് ഏറ്‍പ്പെടുത്തി. വൈദ്യുതി നിയന്ത്രണം ശനിയാഴ്ചയും തുടരാനാണ് സാധ്യത. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്‍റലിജന്‍സ് അധികൃതരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications