വാഹനം കൊക്കയില്‍ മറിച്ച് കമിതാക്കള്‍ ആത്മഹത്യ ചെയ്തു
ബത്തേരി: വയനാട് ചുരത്തിലെ 700 അടി താഴ്‌ചയുള്ള കൊക്കയില്‍ വീണ് കമിതാക്കള്‍ മരിച്ചു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. സുല്‍ത്താന്‍ബത്തേരി സ്വദേശി രമേശും (26), അമ്പലവയല്‍ സ്വദേശിയും വിദ്യാര്‍ത്ഥിനിയുമായ ശില്‌പ(17)യുമാണ് മരിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇവര്‍ക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ് വയനാട് ചുരത്തിലെ എട്ടും ഒന്‍പതും വളവുകള്‍ക്കിടയിലെ കൊക്കയിലേക്ക് ഇവര്‍ വാഹനം ചാടിച്ചതെന്ന് പോലീസ് പറഞ്ഞു. അതുവഴി വന്ന ലോറിക്കാര്‍ കാണ്‍കെയാണ് വണ്ടി ചാടിച്ചത്. ഇയാളാണ് വിവരം പൊലീസില്‍ അറിയിച്ചത്
ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് പരസ്‌പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആത്മഹത്യക്കുറിപ്പും കിട്ടിയിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി. സി.ടി ടോം പറഞ്ഞു.
അമ്പലവയല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ശില്‌പ, രമേശിന്റെ സഹോദര ഭാര്യയുടെ അനിയത്തിയാണ്. രമേശ് സുല്‍ത്താന്‍ബത്തേരിയില്‍ ഓട്ടോഡ്രൈവറായിരുന്നു. ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു.
എന്നാല്‍ മൂന്നു ദിവസംമുമ്പേ കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍ രമേശും ശില്‌പയും വിവാഹിതരായതായി ശില്‌പയുടെ അച്ഛന്‍ സോമശേഖരന്‍ പറഞ്ഞു. കോഴിക്കോട്ട് രമേശിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു ഇവര്‍ താമസം.
ഇരുവരെയും വീട്ടിലേക്കു കൊണ്ടുവരാനിരുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ചയാണ് വയനാട്ടിലേക്കു തിരിച്ചത്. ഒരുമിച്ചു താമസിക്കാന്‍ ഇവര്‍ മുറി വാടകയ്‌ക്കെടുത്തതായും അറിയുന്നു.
വൈത്തിരി പോലീസിന്റെ നിര്‍ദേശമനുസരിച്ച് പുലര്‍ച്ചെ സംഭവസ്ഥലത്തെത്തിയ കല്‌പറ്റ, ബത്തേരി ഫയര്‍ സ്റ്റേഷനുകളിലെ അഗ്നിശമനസേനാംഗങ്ങളാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൃതദേഹങ്ങള്‍ മുകളിലെത്തിച്ചത്.












Click it and Unblock the Notifications