ഭക്ഷ്യ പദ്ധതി : ചര്‍ച്ച വീണ്ടും അലസി
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് അവകാശം സംബന്ധിച്ചുളള തര്‍ക്കം പരിഹരിക്കാന്‍ സിപിഎം സിപിഐ കക്ഷി നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു.
പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് സിപിഐ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സിപിഎം തളളിക്കളഞ്ഞതോടെയാണ് ചര്‍ച്ച അലസിയത്. മെയ് 20, 21 തീയതികളില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായിട്ടാണ് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇതും പരാജയപ്പെട്ടതോടെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ സിപിഎം ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന കാര്യം ഉറപ്പായി.
ഇടതുമുന്നണിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്ത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഎം. തങ്ങളുടെ വകുപ്പില്‍ ഒരുതരത്തിലുളള ഇടപെടലും അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലാണ് സിപിഐ.
കൃഷി വകുപ്പിന്റെ മാത്രം ഫണ്ടില്‍ നിന്ന് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമെന്ന് സിപിഐ പുറത്തു പറയുമ്പോഴും യാഥാര്‍ത്ഥ്യം അതല്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജലസേചനം, സഹകരണം എന്നീ വകുപ്പുകള്‍ക്കനുവദിച്ച തുക കൂടി ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്കു വേണ്ടി ചെലവിടണം എന്ന തങ്ങളുടെ വാദം സിപിഎം അംഗീകരിക്കാത്തതാണ് തര്‍ക്കത്തിന് കാരണമെന്നാണ് സിപിഐ നേതൃത്വം പ്രചരിപ്പിക്കുന്നത്.
പദ്ധതി നടത്തിപ്പിന്റെ നേതൃത്വം ഏത് പാര്‍ട്ടിക്കായിരിക്കണം എന്നതു തന്നെയാണ് മുഖ്യമായ തര്‍ക്ക വിഷയം. മുഖ്യമന്ത്രി അധ്യക്ഷനാവുന്ന ഉപസമിതിയില്‍ ധനം, സഹകരണം, മത്സ്യബന്ധനം എന്നീ വകുപ്പു മന്ത്രിമാര്‍ കൂടി അംഗങ്ങളാകുന്നതോടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് സിപിഎമ്മില്‍ നിക്ഷിപ്തമാകും. ഇക്കാര്യത്തില്‍ സിപിഎമ്മിനെ അനുകൂലിക്കുന്ന ജലസേചന മന്ത്രിയും ഉപസമിതിയില്‍ അംഗമാകും.
കൃഷി വകുപ്പിന്റെ നേരിട്ടുളള നേതൃത്വത്തിന്‍ കീഴില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐ വാദം. കേന്ദ്ര സര്‍ക്കാരും ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏതായാലും അടുത്ത ഇടതുമുന്നണി യോഗത്തില്‍ പദ്ധതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. ഇടതുമുന്നണിയിലെ മറ്റെല്ലാ ഘടകകക്ഷികളും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കുന്നതിനാല്‍ സിപിഐയുടെ എതിര്‍പ്പ് വിലപ്പോകില്ലെന്ന് ഉറപ്പാണ്.
ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്ക് ബദലായി കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ യോജിപ്പിച്ച് മറ്റൊരു പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് സിപിഐ. വരുംനാളുകളില്‍ ഇടതുമുന്നണി രാഷ്ട്രീയത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാന്‍ പോവുകയാണ് സിപിഎം സിപിഐ തര്‍ക്കം.












Click it and Unblock the Notifications