തോക്ക് സ്വാമിക്ക് ഊണ് നേതാവ് വക
കൊച്ചി : തോക്ക് സ്വാമിയെന്ന് വിളിപ്പേര് വീണ സ്വാമി ഹിമവല്‍ ഭദ്രാനന്ദയും ഉന്നത കോണ്‍ഗ്രസ് നേതാവുമായുളള ബന്ധം പരസ്യമാകുന്നു.
പൂര്‍വാശ്രമത്തില്‍ ശ്യാം ചന്ദ് എന്ന് പേരുണ്ടായിരുന്ന സ്വാമി അക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നത്രേ! കെപിസിസിയില്‍ ഉയര്‍ന്ന ഭാരവാഹിത്വം വഹിക്കുന്ന കൊച്ചിക്കാരനായ നേതാവും ഭദ്രാനന്ദനും തമ്മില്‍ അടുത്ത ബന്ധമാണുളളതെന്നും സ്വാമി കെപിസിസി ഓഫീസില്‍ നിത്യസന്ദര്‍ശകനാണെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.
കെപിസിസി ഓഫീസിലെത്തുമ്പോഴൊക്കെ സ്വാമിക്ക് ഊണൊരുക്കുന്നതും ഈ നേതാവിന്റെ വീട്ടിലാണത്രേ. പണ്ട് കരുണാകര ഗ്രൂപ്പിന്റെ കുന്തമുനയായി നില്‍ക്കുകയും പില്‍ക്കാലത്ത് തിരുത്തല്‍വാദത്തിലേയ്ക്ക് തിരിയുകയും ഒടുവില്‍ ആന്റണി ഗ്രൂപ്പിന്റെ ചാവേറായി രൂപം മാറുകയും ചെയ്തയാളാണ് ഈ നേതാവ്.
ലോക്‍സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുറപോലെ മത്സരിക്കാറുണ്ടെങ്കിലും ഇതുവരെ ജയം അനുഗ്രഹിക്കാത്ത നേതാവ് ഒടുവില്‍ സ്വാമിപാദങ്ങളില്‍ അഭയം തേടുകയായിരുന്നു. കരുണാകരനെ പാരവെച്ച് തിരുത്തല്‍വാദിയായതും തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ജയിക്കാത്തതും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് നേതാവിനെ ഉപദേശിച്ചത് ഈ സ്വാമിയാണത്രേ!
നേതാവും സ്വാമിയുമായുളള ബന്ധം പുറത്തായതിനെ തുടര്‍ന്ന് സ്വാമി വിവാദത്തില്‍ സിപിഎമ്മിനെ അടിക്കാനുളള വടിയുടെ ഉശിര് പോയ നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി ഓഫീസില്‍ നിത്യസന്ദര്‍ശകനായിരുന്ന സ്വാമി പൊലീസ് സ്റ്റേഷനില്‍ കയറി വെടിവെച്ച് കളിച്ചപ്പോള്‍ കുടുക്കിലായത് കുറെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. സ്വാമിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള ബന്ധത്തിന്റെ കൂടുതല്‍ ചുരുളുകള്‍ അഴിയുന്നതോടെ പാര്‍ട്ടി തികച്ചും പ്രതിരോധത്തിലേയ്ക്ക് വലിയും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications