ഭക്ഷ്യ പദ്ധതി, ഇടതു മുന്നണി യോഗം വീണ്ടും അലസി
തിരുവനന്തപുരം : മുഖ്യമന്ത്രിയടക്കമുളള നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് രണ്ടു ദിവസത്തേയ്ക്ക് ചേരാനിരുന്ന ഇടതുമുന്നണി യോഗം വെറും രണ്ടുമണിക്കൂര്‍ കൊണ്ട് അടിച്ചു പിരിഞ്ഞു.
ഭക്ഷ്യ സുരക്ഷാ പദ്ധതിയെച്ചൊല്ലി സിപിഎം സിപിഐ കക്ഷികള്‍ തമ്മിലുണ്ടായ തര്‍ക്കം സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് വഴിവെയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇരുകക്ഷികളും യോഗത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുക മാത്രമല്ല, അമാന്യമായ വാക്കുകള്‍ ഉപയോഗിച്ച് പരസ്പരം വാക്കേറ്റം നടത്തുകയും ചെയ്തുവെന്നാണ് സൂചനകള്‍.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും അതിരൂക്ഷമായ ഭാഷയിലാണത്രേ പരസ്പരം സംസാരിച്ചത്. വെളിയമടക്കമുളള സിപിഐ നേതാക്കള്‍ തനിക്കെതിരെ നടത്തുന്ന പരസ്യ വിമര്‍ശനങ്ങള്‍ക്ക് കനത്ത ഭാഷയില്‍ വിഎസ് മറുപടി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാനെണീറ്റ വെളിയം നിലവിട്ട രീതിയിലാണ് യോഗത്തില്‍ സംസാരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുഖ്യമന്ത്രിയ്ക്ക് ദില്ലിയിലേയ്ക്ക് പോകേണ്ടതിനാല്‍ അജണ്ടയിലെ ആദ്യ ഇനമായി ഭക്ഷ്യ സുരക്ഷാ പദ്ധതി തീരുമാനിക്കുകയായിരുന്നു. പദ്ധതിയ്ക്കുളള തുക കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യം എന്നീ വകുപ്പുകളില്‍ നിന്ന് കണ്ടെത്തണമെന്നായിരുന്നു സിപിഎം നിലപാട്.
ജലസേചനം, സഹകരണം എന്നീ വകുപ്പുകളില്‍ നിന്നുളള വിഹിതം കൂടി വേണമെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നു. ഒരുകാരണവശാലും ഇത് അനുവദിക്കില്ലെന്ന നിലപാട് സിപിഎമ്മും സ്വീകരിച്ചതോടെ ചര്‍ച്ച കൊണ്ട് പ്രയോജനമില്ലെന്ന നിലയായി. തുടര്‍ന്ന് മറ്റ് അജണ്ടകളൊന്നും പരിഗണിക്കാതെ യോഗം പിരിഞ്ഞു.












Click it and Unblock the Notifications