വിഎസിന് വിവരമില്ലെന്ന് വെളിയം
തിരുവനന്തപുരം : മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിവരമില്ലെന്ന് വെളിയം ഭാര്‍ഗവന്‍.
ഭക്ഷ്യസുരക്ഷാ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി വിവരമില്ലാത്തവനാണെന്ന് അദ്ദേഹത്തിന്റെ മുഖത്തു നോക്കി വെളിയം ആക്ഷേപിച്ചത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെക്കുറിച്ച് "പിറകില്‍ താടിയുളളയാള്‍" എന്ന് പരാമര്‍ശിച്ചതാണ് വെളിയത്തെ പ്രകോപിപ്പിച്ചത്.
വെളിയമടക്കമുളള സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളോട് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ സിപിഐ നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കുകയാണെന്നും സത്യം മനസിലാവുമ്പോള്‍ അവര്‍ക്കു തന്നെ തിരുത്തേണ്ടി വരുമെന്നുമാണ് വിഎസ് പ്രതികരിച്ചത്.
മൂന്നാര്‍ ഒഴിപ്പിക്കല്‍ വേളയില്‍ സിപിഐ നേതാവ് തനിക്കെതിരെ ചൊരിഞ്ഞ ആക്ഷേപത്തെയും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. "കോട്ടിട്ടയാളും അതിനു മുകളിലുളളയാളും" എന്ന പന്ന്യന്റെ പ്രയോഗം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതു പരാമര്‍ശിച്ച് "പിറകില്‍ താടിയുളളയാള്‍ നടത്തിയ വിമര്‍ശനം പിന്നെ അയാള്‍ക്ക് തന്നെ തിരുത്തേണ്ടി വന്നു"വെന്നാണ് സ്വതസിദ്ധമായ ശൈലിയില്‍ വിഎസ് തിരിച്ചടിച്ചത്.
ഇടതുമുന്നണി യോഗത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ സിപിഐ നേതാക്കള്‍ അതിരു വിട്ട പദപ്രയോഗങ്ങളിലാണ് പിടിച്ചു നിന്നത്. മറ്റ് ഘടകകക്ഷി നേതാക്കളെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
വെളിയമടക്കമുളളവരുടെ പിന്തുണയോടെയാണ് വിഎസ് സിപിഎമ്മില്‍ ഗ്രൂപ്പ് പോര് നയിച്ചിരുന്നത്. ഒടുവില്‍ വിഎസിനെ വിവരമില്ലാത്തവന്‍ എന്ന് വിളിച്ചാക്ഷേപിച്ചതും വെളിയം ഭാര്‍ഗവന്‍ തന്നെയായി എന്നത് ചരിത്രത്തിന്റെ കറുത്ത ഫലിതമായിരിക്കാം.












Click it and Unblock the Notifications