ഡോക്ടര്‍ സമരം, സ്ഥിതി രൂക്ഷം
തിരുവനന്തപുരം : ശമ്പള പരിഷ്കരണത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രൂക്ഷമാകുന്നു. കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും രോഗികളെ കൂട്ടത്തോടെ ഒഴിപ്പിക്കുമ്പോള്‍ മിക്ക സ്ഥലങ്ങളിലും സ്ഥിതി സ്ഫോടനാത്മകമാവുകയാണ്.
ചികിത്സിക്കാന്‍ ആളില്ലാതാകുന്നതോടെ രോഗികള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാവുന്നു. തലസ്ഥാനത്ത് ഡോക്ടര്‍മാരുടെ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുളള നിര്‍ദ്ദേശമൊന്നും രൂപപ്പെട്ടിട്ടില്ല.
ശമ്പള വര്‍ദ്ധനയാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്തണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടു പോകില്ലെന്ന് കെജിഎംഒയും ഒരു വിഭാഗത്തിനു മാത്രം ശമ്പള പരിഷ്കരണം അസാധ്യമാണെന്ന് സര്‍ക്കാരും കടുംപിടിത്തം പിടിക്കുന്നു.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരത്തില്‍ നിന്നും പിന്മാറിയത് രോഗികള്‍ക്കും സര്‍ക്കാരിനും ആശ്വാസമായിട്ടുണ്ട്. റിട്ടയര്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സര്‍വീസ് നീട്ടിക്കൊടുക്കാനുളള ആരോഗ്യവകുപ്പ് ഉത്തരവിനെതിരെയാണ് മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ സൂചനാപണിമുടക്കും ചട്ടപ്പടി സമരവും പിന്‍വലിച്ചത്. ഈ ഉത്തരവ് മരവിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതോടെ സമരം പിന്‍വലിച്ചു.
മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുളള രോഗികളെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച് സമരം നേരിടാനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുളള മെഡിക്കല്‍ കോളെജുകളിലേയ്ക്ക് രോഗികള്‍ കൂട്ടത്തോടെ എത്തുന്നത് പ്രശ്നം ഗുരുതരമാക്കുകയേ ഉളളൂ.
ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ എസ്മ പോലുളള ആയുധങ്ങള്‍ പ്രയോഗിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ സുസംഘടിതരായ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിയും പ്രശ്നം രൂക്ഷമാക്കുകയേ ഉളളൂ.
അതിനിടയില്‍ ഡോക്ടര്‍മാരുടെ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാനുളള ശ്രമം സിപിഎം ആരംഭിച്ചതായി വാര്‍ത്തയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications