ഭക്ഷ്യ പദ്ധതിയ്ക്ക് മന്ത്രിസഭാ ഉപസമിതി നിര്‍ബന്ധം : ധനമന്ത്രി
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ ഉപസമിതി കൂടിയേ തീരൂവെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കാത്തതല്ല പ്രശ്നമെന്നും ചെലവിടാത്തതാണ് പ്രശ്നമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ധനവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വെളിപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ ഉപസമിതി കൂടിയേ തീരൂ എന്ന നിലപാട് തോമസ് ഐസക് ഉറപ്പിച്ച് പറഞ്ഞത്. ഈ പ്രശ്നത്തില്‍ സിപിഐയുമായി ഒരു വിട്ടുവീഴ്ചയ്ക്കും സിപിഎം തയ്യാറല്ലെന്നതിന്റെ സൂചനയാണ് ധനമന്ത്രിയുടെ പ്രസ്താവന.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതി വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനകള്‍ വി എസ് അച്യുതാനന്ദനും നല്‍കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ചു ചേരുന്ന ബൃഹദ് പദ്ധതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ വേണമെന്ന ആവശ്യം അദ്ദേഹവും ആവര്‍ത്തിച്ചു.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ധനമന്ത്രിയുടെ നിലപാട് ഭാവിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴി തുറന്നേക്കാം. ലാഭകരമല്ലാത്ത റൂട്ടുകളില്‍ ബസോടിച്ച് കെഎസ്ആര്‍ടിസിയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും തോമസ് ഐസക് വാദിക്കുന്നു.
ഈ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിരുന്നപ്പോഴുണ്ടായിരുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് സിപിഎം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരുകള്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട സാമൂഹ്യക്ഷേമ പദ്ധതിയാണ് പെന്‍ഷന്‍ എന്ന നിലപാടില്‍ നിന്നും സിപിഎം പിന്മാറുകയാണ്.












Click it and Unblock the Notifications