ഭക്ഷ്യ സുരക്ഷാ പദ്ധതി : തര്‍ക്കം പരിഹരിച്ചെന്ന്
തിരുവനന്തപുരം : ഇടതുമുന്നണി ഭരണത്തെ തെരുവില്‍ വിവസ്ത്രമാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം.
മുഖ്യമന്ത്രി ചെയര്‍മാനും കൃഷി മന്ത്രി കണ്‍വീനറുമായ സമിതിക്ക് രൂപം നല്‍കിയാണ് ഇടതു നേതാക്കള്‍ മുന്നണിയെ നാണം കെടുത്തിയ ചക്കളത്തിപ്പോരാട്ടത്തിന് വിരാമമിട്ടത്. പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക ഫണ്ട് സ്വരൂപിക്കാനും ധാരണയായി. എല്ലാ വകുപ്പുകളില്‍ നിന്നും ഫണ്ട് കണ്ടെത്താനാണ് ധാരണ.
ആര്‍എസ്‍പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ മുന്‍കൈയെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളിലാണ് തര്‍ക്കം തീര്‍ന്നത്. അടുത്ത ഇടതുമുന്നണി യോഗത്തില്‍ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ചന്ദ്രചൂഢന്‍ അറിയിച്ചു.
ഒരു പഞ്ചായത്തില്‍ അധികമായി പത്തേക്കറിലെങ്കിലും നെല്‍കൃഷി ചെയ്യുക എന്ന ലക്ഷ്യമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണം, ഫിഷറീസ്, സഹകരണം, കൃഷി, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ജലസേചനം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കും.
സംസ്ഥാനത്തെ അരിയുല്‍പാദനം അമ്പതു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ആസൂത്രണ ബോര്‍ഡ് ലക്ഷ്യമിടുന്നത്. പച്ചക്കറികള്‍, പാല്‍, മുട്ട, മാംസം എന്നിവയുടെ സ്വയം പര്യാപ്തതയും പദ്ധതിയുടെ ലക്ഷ്യമാണ്.


Click it and Unblock the Notifications