വിഎസിനെതിരെ സിപിഐ മുഖപത്രം
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ അധ്യക്ഷന്‍ പദവി താനേല്‍ക്കുന്നതില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ലെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് സിപിഐ മുഖപത്രത്തിന്റെ മറുപടി.
ഈ വിഷയത്തില്‍ വിഎസിന്റെയും സിപിഎമ്മിന്റെയും നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന മുഖപ്രസംഗം സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുപാര്‍ട്ടികളും തമ്മിലുളള പോര് മറനീക്കി പുറത്തു വന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന വിഎസിന്റെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
വെളിയം ഭാര്‍ഗവന്റേതായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാദമുഖങ്ങള്‍ വളളി പുളളി തെറ്റാതെ ആവര്‍ത്തിക്കുകയാണ് മരം മറഞ്ഞ് കാടു കാണാതിരിക്കരുത് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ജനയുഗം മുഖപ്രസംഗം.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാനുളള മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി എത്തുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് പത്രം വാദിക്കുന്നത്. കൃഷി വകുപ്പിന്റെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി വരുന്നെങ്കില്‍ എല്ലാ വകുപ്പിന്റെ പദ്ധതിയ്ക്കും അങ്ങനെ വേണ്ടേയെന്നും പത്രം ചോദിക്കുന്നു.
എന്നാല്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാകുന്നതിലല്ല ഫണ്ട് അനുവദിക്കുന്നതിലാണ് തങ്ങളുടെ എതിര്‍പ്പ് എന്നും മുഖപ്രസംഗം പിന്നീട് പറയുന്നുണ്ട്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടുളള പദ്ധതിയ്ക്ക് മുഖ്യമന്ത്രി ചെയര്‍മാന്‍ ആകുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മറ്റ് വകുപ്പുകളിലെ ഫണ്ട് ഉപയോഗിക്കണമെന്നുമാണ് മുഖപ്രസംഗം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications