ആധ്യാത്മികതയുടെ മറവില്‍ വിസ തട്ടിപ്പ്: മാതാ പ്രസന്ന റിമാന്‍റില്‍
കൊല്ലം: ആധ്യാത്മികകേന്ദ്രത്തിന്റെ മറവില്‍ വിസ തട്ടിപ്പ് നടത്തിയ കൊല്ലം എഴുകോണിലെ മാതാ പ്രസന്നയെന്ന പ്രസന്നകുമാരിയെ(58) കോടതി റിമാന്‍ഡ് ചെയ്‌തു.
വിസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ച പരാതിയില്‍ ബുധനാഴ്‌ച എഴുകോണ്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തിരുന്നു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മാതാ പ്രസന്നയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തത്.
എഴുകോണ്‍ ഇരുമ്പനങ്ങാട്ട് 'അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്' നടത്തിവരികയായിരുന്ന ഇവരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് സ്വദേശി റെജി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഗള്‍ഫിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വാങ്ങിയ 50,000 രൂപ തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി.
പണം കടം കൊടുത്തവരും ഗള്‍ഫിലേക്ക് പോകാന്‍ പൈസ നല്‍കിയവരും കഴിഞ്ഞ ദിവസം ട്രസ്റ്റിലെത്തി ബഹളംവെച്ചിരുന്നു. വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രസ്റ്റിലെത്തി അതിക്രമം കാട്ടുകയും ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലിസിനെ വിളിച്ചുവരുത്തുകയുമായിരുന്നു.
മാതാ പ്രസന്നയുടെ അറസ്റ്റുവാര്‍ത്തയറിഞ്ഞ് മറ്റ് പരാതിക്കാര്‍ ബുധനാഴ്‌ച രാവിലെ എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ എത്തി.
അറസ്റ്റിന് ശേഷം നടന്ന പരിശോധനയില്‍ ഇവിടെ നിന്നും സുവിശേഷ ഗാനങ്ങള്‍ അടങ്ങിയ നിരവധി കാസറ്റുകളും വിവിധ ബാങ്കുകളിലെ അക്കൗണ്ട് രേഖകളും ഒരു പാസ്പോര്‍ട്ടും വസ്തു സംബന്ധമായ രേഖകളും പിടിച്ചെടുത്തു.
ഒരാഴ്ച മുമ്പ് ഇവര്‍ സ്വദേശമായ ഇടുക്കിയിലെ പീരുമേട്ടിലേക്ക് പോയിരുന്നു. പണം ചോദിച്ച് എത്തിയവരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് പോയതെന്ന് പറയപ്പെടുന്നു.
ഒട്ടേറെ രാഷ്ട്രീയ നേതാക്കളുമായും മറ്റും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ ലഭ്യമായിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിനായി ഇന്ന് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. പുനലൂര്‍ എഎസ് പി യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications