കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ടത്തില്‍ 61.3ശതമാനം പോളിംഗ്
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ എട്ടു വടക്കന്‍ ജില്ലകളില്‍ നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 61.3 ശതമാനം പോളിങ് രേഖപ്പെടുത്തി. 69 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച തിരഞ്ഞെടുപ്പ് നടന്നത്.
ബാംഗ്ലൂര്‍ ഉള്‍പ്പെടുന്ന തെക്കന്‍മേഖലയിലെ 89 മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66 ശതമാനവും മധ്യതീരമേഖലയില്‍ നടന്ന രണ്ടാംഘട്ടത്തില്‍ 62.53 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 61.77 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം പോളിങ്. മൊത്തം 224 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-79, കോണ്‍ഗ്രസ്-65, ഗൗഡാദള്‍-58 എന്നിങ്ങനെയായിരുന്നു പ്രധാന പാര്‍ട്ടികളുടെ നില. കോണ്‍ഗ്രസ്-ദള്‍ മുന്നണിയും ദള്‍-ബിജെപി മുന്നണിയും 20 മാസം വീതം സംസ്ഥാനം ഭരിച്ചു. 2007 നവംബര്‍ മുതല്‍ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. ഇത്തവണയും ആര്‍ക്കും കേവലം ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയാണ് പൊതുവെ പ്രവചിക്കപ്പെടുന്നത്.
എങ്കിലും കുറഞ്ഞത് 100 സീറ്റെങ്കിലും നേടുന്ന കക്ഷി, മറ്റു പാര്‍ട്ടികളില്‍നിന്ന് എംഎല്‍എമാരെ ചോര്‍ത്തി കേവല ഭൂരിപക്ഷമായ 123 സീറ്റുകള്‍ നേടി ഭരണം തുടങ്ങുമെന്നും കണക്കുകൂട്ടലുകളുണ്ട്.
തങ്ങള്‍ക്ക് 130 സീറ്റുകള്‍ കിട്ടുമെന്നാണ് ബിജെപിയുടെ അവകാശവാദം. കേവല ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ്സും പറയുന്നു. തങ്ങളെക്കൂടാതെ ആര്‍ക്കും സംസ്ഥാനം ഭരിക്കാനാവില്ലെന്ന നിലപാടിലാണ് ഗൗഡാദള്‍ .
ഗൗഡാദള്‍ ഇരുപത്തിയഞ്ചിലേറെ സീറ്റു നേടാനായാല്‍ സംസ്ഥാനത്ത് വീണ്ടും തൂക്കുനിയമസഭയ്‌ക്ക് സാഹചര്യമൊരുങ്ങാനാണ് സാധ്യത. മെയ് 25നാണ് വോട്ടെണ്ണല്‍. അന്ന് ഉച്ചയോടെതന്നെ ഏറെക്കുറെ മിക്ക മണ്ഡലങ്ങളിലെയും ഫലമറിവാകും.
മൂന്നാം ഘട്ടതിരഞ്ഞെടുപ്പ് നടന്ന ജില്ലകളിലെ പോളിംഗ് ശതമാനം ഇങ്ങനെ
ബാഗല്‍കോട്ട്-65, ധാര്‍വാഡ്-65, ഗഡാഗ്-63, ഗുല്‍ബര്‍ഗ-60, ഹാവേരി-63, ബെല്‍ഗാം-62, ബിഡാര്‍-57, ബിജാപുര്‍-57. തിരഞ്ഞെടുപ്പിനിടയില് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications