പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റുചെയ്‌തു
തിരൂര്‍: വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. ബംഗ്ലാദേശ് സ്വദേശിയായ പതിനാറുവയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെയുള്ള അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്.
സംഘത്തിലെ പ്രധാന പ്രതിയും വയനാട് സ്വദേശിയുമായ കൂട്ടമംഗലം പുതിയപുരയില്‍ സുഹൈല്‍(38) ഒളിവിലാണ്. ബംഗ്ലാദേശ് സ്വദേശിനിയ്‌ക്കു പുറമേ എആര്‍ നഗര്‍ കക്കാടംപുറം സ്വദേശി പാറയില്‍ നാരായണന്‍(24), പരപ്പനങ്ങാടി ഹാജിയാരകത്ത് ഫൈസല്‍(28), തൃശൂര്‍ ചേലക്കര സ്വദേശി ജാനകി(38), തിരുവന്തപുരം സ്വദേശി നിര്‍മ്മല(28) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് തിരൂര്‍ കോടതി റിമാന്റ് ചെയ്‌തു.
എടരിക്കോട് ക്ലാരി പണിക്കര്‍പടിയിലെ ഒരു ക്വാട്ടേഴ്‌സില്‍ നിന്നും വളാഞ്ചേരി സിഐ പി.എ സെയ്‌തു മുഹമ്മദും സംഘവുമാണ് ബുധനാഴ്‌ച രാത്രി ഇവരെ അറസ്റ്റുചെയ്‌തത്. നാട്ടുകാര്‍ ക്വാര്‍ട്ടേഴ്സ് വളഞ്ഞശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൂക്കിപ്പറമ്പിലെ വാടക ക്വാട്ടേഴ്‌സിലെ താമസക്കാരനായ സുഹൈല്‍ രണ്ടുമാസം മുമ്പാണ് പണിക്കര്‍പടിയില്‍ ക്വാട്ടേഴ്‌സ് വാടകയ്‌ക്കെടുത്തത്. ഇയാളുടെ എട്ടുവയസ്സായ മകളും സംഘത്തിനൊപ്പമുണ്ടായിരുന്നു. കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണത്രേ ഇയാള്‍ മകളെയും കൂടെക്കൂട്ടിയത്.
സുഹൈലിന്റെ ഡ്രൈവര്‍മാരായ നാരായണനും ഫൈസലുമാണ് ആവശ്യക്കാര്‍ക്ക് സ്‌ത്രീകളെ കാറില്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സുഹൈലിന്റെ ഉടമസ്ഥതിയലുള്ള രണ്ട് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടി ആദ്യം മുംബൈയിലും പിന്നീട് ബാംഗ്ലൂരിലുമെത്തിയ ഏജന്റുമാര്‍ മുഖേന സംഘത്തിലെ അംഗമാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഘത്തില്‍ ഇനിയും ആളുകളുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സുഹൈലിന്റെ വീട്ടില്‍ വ്യാഴാഴ്‌ച പൊലീസ് റെയ്‌ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. വളാഞ്ചേരി സിഐ പിഎ സെയ്‌തു മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications