തങ്കച്ചന് വാവിന്റെ പ്രശ്‌നമാണെന്ന് സുധാകരന്‍
കൊച്ചി: വിമര്‍ശിക്കുന്നവരെ ബഹിഷ്‌കരിക്കുന്നത് ഭീരുത്വമാണെന്ന് മന്ത്രി ജി സുധാകരന്‍. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് കര്‍ക്കടക വാവ് വരുമ്പോഴത്തെ പ്രശ്‌നമാണെന്നു മന്ത്രി പറഞ്ഞു.
ആന്റണിയെക്കുറിച്ച് ഞാന്‍ പറഞ്ഞതെന്താണെന്ന് തങ്കച്ചന് മനസ്സിലായിട്ടില്ല. എകെ ആന്റണി രാഷ്ട്രീയത്തില്‍ നല്ലരീതിയില്‍ കൗശലം ഉപയോഗിക്കുന്നയാള്‍ എന്നാണ് പറഞ്ഞത്. ബുദ്ധിവികസിച്ചിട്ടില്ലാത്ത കാര്‍ത്തികേയന് അത് മനസ്സിലായില്ല. ഇതൊരു തര്‍ക്കവിഷയമേയല്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആന്റണിയെ കോംപ്ലിമെന്റ് ചെയ്യുകയായിരുന്നു.
ഇഎംഎസ്സിനെയും എകെജിയെയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളെയും പലരും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിമര്‍ശിച്ചവരെ ബഹിഷ്‌കരിക്കുകയല്ല ഞങ്ങള്‍ ചെയ്‌തത്. ഇത് ജനാധിപത്യ വിരുദ്ധമാണ്- സുധാകരന്‍ കുറ്റപ്പെടുത്തി.
സത്യത്തില്‍ ആന്റണിയെ എതിര്‍ക്കുന്നവര്‍ ആന്റണിയ്‌ക്കെതിരെ വച്ച വേലയാണിത്. ബഹിഷ്‌കരണം ആന്റണിയുടെ അറിവോടെയാണെങ്കില്‍ ഇത് രാഷ്ട്രീയ പാപ്പരത്തമാണ്. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെ അപക്വമായ തീരുമാനമാണിത്. തങ്കച്ചന്റെ സ്വഭാവമറിയണമെങ്കില്‍ അദ്ദേഹം മത്സരിച്ച് തോറ്റ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ പോയി അന്വേശിച്ചാല്‍ മതി.
കരുണാകരനും രമേശ് ചെന്നിത്തലയും ആന്റണിയെ വിമര്‍ശിച്ചത്രയും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. എകെ ബാലനെയും എംഎ ബേബിയെയും ബഹിഷ്‌കരിച്ചിട്ട് ഒന്നും പറ്റിയില്ല. മൂന്നുവര്‍ഷം കൂടി എന്നെ സഹിച്ചേപറ്റൂ. യുഡിഎഫിലെ പലരും അശ്ലീലം പറയുന്നവരാണ്. ഞാന്‍ പറയുന്നത് നാട്ടുഭാഷയാണ്, അത് അശ്ലീലമല്ല- സുധാകരന്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ മര്യാദകേട് കാണിച്ചതുകൊണ്ടാണ് അദ്ദേഹത്തെ വിമര്‍ശിച്ചത്. അദ്ദേഹത്തിന് പിന്നില്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. നേവല്‍ ബേസ് സിവിലിയന്‍ വര്‍ക്കേസ് യൂണിയന്റെ പുതിയ ഓഫീസ് ഉത്‌ഘാടനം ചെയ്യുന്ന വേളയിലാണ് സുധാകരന്‍ യുഡിഎഫിനെതിരെ തിരിഞ്ഞത്.












Click it and Unblock the Notifications