അയല്‍ക്കാരന്റെ പൂച്ചയെ തല്ലിയയാള്‍ക്ക് 120 രൂപ പിഴ
ഭൂവനേശ്വര്‍: അടുക്കളയില്‍ കയറി മീന്‍കറി കട്ടുതിന്ന പൂച്ചയെ തല്ലിയയാള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ പിഴയിട്ടു.
ഒറീസയിലെ ജഗദീഷ്‌പുര്‍ ജില്ലയിലെ നഗോണ്‍ ബ്ലോക്കിലെ ഏകരൂഖയിലാണ് തീര്‍ത്തും കൗതുകകരമായ സംഭവം നടന്നത്. അയല്‍ക്കാരനായ രബീന്ദ്ര നായികിന്റെ പൂച്ചയെ ഉപദ്രവിച്ച അക്ഷയ് നായികാണ് 120രൂപ പിഴയൊടുക്കേണ്ടി വന്നത്.
ഞായറാഴ്‌ച അക്ഷയ് മത്സ്യം വാങ്ങിക്കൊണ്ടുവന്ന ഉടന്‍തന്നെ ഭാര്യ അത് കറിവച്ച് അടുക്കളയില്‍ സൂക്ഷിച്ചു. രബീന്ദ്രയുടെ വളര്‍ത്തുപൂച്ച അടുക്കളയില്‍ കയറി കറിയിലെ മീന്‍ കഷണങ്ങളൊക്കെ കട്ടുതിന്നത്. പൂച്ച മീന് കറി കട്ടുതിന്നുന്നത് കണ്ട അക്ഷയ് യുടെ ഭാര്യ അക്ഷയ്‌യെ വിവരമറിയിച്ചു.
ദേഷ്യം വന്ന അക്ഷയ് രബീന്ദ്രയുടെ വീട്ടിലെത്തി ഒരു വടികൊണ്ട് പൂച്ചയെ അടിയ്‌ക്കാന്‍ തുടങ്ങി. പൂച്ചയുടെ തലയ്‌ക്കും കാലിനും പരുക്കേറ്റു. ഉടന്‍തന്നെ രബീന്ദ്ര സമീപത്തുള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി പൂച്ചയ്‌ക്ക് ചികിത്സ നല്‍കി. പിന്നാലെ തന്റെ പൂച്ചയെ ഉപദ്രവിയ്‌ക്കുകയും തന്നെയും ഭാര്യയെയും ചീത്തവിളിക്കുകയും ചെയ്‌തുവെന്നാരോപിച്ച് അക്ഷയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
സംഭവം അറിഞ്ഞ ഗ്രാമത്തിലെ മുതര്‍ന്നയാളുകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പഞ്ചായത്തില്‍ ആലോചിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് രബീന്ദ്രയോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
ഈ വ്യവസ്ഥ രബീന്ദ്ര സമ്മതിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്‌ച പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ചേര്‍ന്നു. രണ്ടുപക്ഷത്തിന്റെയും വിശദീകരണം കേട്ട ശേഷം പൂച്ചയെ ഉപദ്രവിച്ച അക്ഷയ് രണ്ടു ദിവസത്തിനുള്ളില്‍ 120രൂപ പിഴയടക്കണമെന്ന് പഞ്ചായത്ത് വിധിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications