ഇന്ധനവില വര്‍ധന: തീരുമാനം നീട്ടി
ദില്ലി: പെടോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന തല്‍ക്കാലം മാറ്റിവച്ചു. ഇതു സംബന്ധിച്ചു ചേര്‍ന്ന യുപിഎയുടെ ഉപസമിതിയില്‍ തീരുമാനമായില്ല. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വര്‍ധന ഉണ്ടാകൂവെന്നാണു സൂചന.
പണപ്പെരുപ്പം എട്ടു ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് എണ്ണവില വര്‍ധന തല്‍ക്കാലത്തേയ്ക്ക് മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ശനിയാഴ്‌ചയോടെ വില വര്‍ധിപ്പിക്കുമെന്ന് നേരത്തേ ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും വന്‍ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന ഭീതിയില്‍ തീരുമാനം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ എണ്ണവില കൂട്ടുമെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയതു കാരണം പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്‌ടം 2,25,040 കോടി രൂപയായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. വിലവര്‍ധിപ്പിച്ചില്ലെങ്കില്‍ എണ്ണവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ബിപിസിഎല്‍, എച്ച്‌പിസിഎല്‍ കമ്പനികളുടെ ഇറക്കുമതിശേഷി അടുത്തമാസവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍േറത് സെപ്‌റ്റംബറിലും തീരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എണ്ണവില വര്‍ധന വൈകിയാല്‍ കടുത്ത എണ്ണക്ഷാമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുന്നത് ദോഷം ചെയ്യുമെന്നാണ് ധനമന്ത്രി പി. ചിദംബരത്തിന്റെ അഭിപ്രായം.
എണ്ണക്കമ്പനികളുടെ 2,25,000 കോടിയുടെ വരുമാനനഷ്ടം വിലവര്‍ധന ഇല്ലാതെ എങ്ങനെ നേരിടാമെന്ന കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ചര്‍ച്ചചെയ്തു.
അതേസമയം, വില വര്‍ധിപ്പിക്കുന്നതു വൈകിക്കുന്നതു രാജ്യത്ത് ഇന്ധനക്ഷാമത്തിനു കാരണമാകുമെന്നു പെട്രോളിയം മന്ത്രി മുരളി ദിയോറ സൂചിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇറക്കുമതി വേണ്ടെന്നു വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിന് മൂന്നുമുതല്‍ നാലുവരെയും ഡീസലിന് രണ്ടു മുതല്‍ നാലുവരെ രൂപയുമാണ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു പെട്രോളിയം മന്ത്രാലയം സൂചന നല്‍കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications