ജോലി തട്ടിപ്പ് : പാസ്റ്ററും സഹായികളും അറസ്റ്റില്‍
കുന്നത്തുകാല്‍ : പത്രപ്പരസ്യം നല്‍കി ജോലി വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂ നടത്തി തട്ടിപ്പിന് ശ്രമിച്ച പാസ്റ്ററെയും സംഘത്തെയും വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് അതിര്‍ത്തിയിലെ ഇടയ്ക്കോട് പാറക്കൂട്ടത്തില്‍ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ (45), നാഗര്‍കോവില്‍ കോട്ടാര്‍ പട്ടാര്യത്ത് തെരുവില്‍ ഫെലിക്സ് ഗാര്‍ഡ്വിന്‍കുമാര്‍ (32), ഡേവിഡ് ജെറിസിംഗ് (28) എന്നിവരാണ് അറസ്റ്റിലായത്.
കാരക്കോണത്തെ സേഫ് ലൈഫ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തില്‍വച്ചായിരുന്നു ഇന്റര്‍വ്യൂ. ചെന്നൈയിലെ ഒരു കമ്പനിക്കുവേണ്ടിയാണ് റിക്രൂട്ട്മെന്റ് എന്നു പറഞ്ഞിരുന്നെങ്കിലും അത് തെളിയിക്കുന്നതായ രേഖകളൊന്നും ഇവരുടെ പക്കലില്ലായിരുന്നു.
ചെന്നൈയിലെ കമ്പനിയുടെ കാള്‍ സെന്ററിലേക്ക് 445 ഒഴിവുകളുണ്ടെന്നും പ്ളസ് ടുയോഗ്യതയുള്ള ഇംഗ്ളീഷ് നന്നായി സംസാരിക്കാനുമുള്ള കഴിവുള്ളവര്‍ക്ക് 20,000 രൂപ വരെ ശമ്പളം നല്‍കുമെന്നുമായിരുന്നു പത്രപ്പരസ്യം.
തിരുവനന്തപുരത്തുനിന്ന് ഉള്‍പ്പെടെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു. ഇത്തരം ഇന്റര്‍വ്യൂവുകളില്‍ മുന്‍പ് പലരും കബളിപ്പിക്കപ്പെട്ടതറിയാവുന്ന ചില നാട്ടുകാര്‍ വെള്ളറട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ കാരക്കോണത്തെ സ്ഥാപനത്തിന് ഡിടിപി സെന്റര്‍ നടത്താനുള്ള പഞ്ചായത്ത് ലൈസന്‍സ് മാത്രമാണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി.മുന്‍പ് കുന്നത്തുകാല്‍ കുടയാല്‍ സ്വദേശികളായ എട്ട് യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 6000 രൂപ വീതം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
ക്രിസ്റ്റഫര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 20-ന് തുക മടക്കി നല്‍കാമെന്ന് വെള്ളറട സി.ഐ ഓഫീസില്‍ വച്ച് സമ്മതിച്ചു മടങ്ങിയ പാസ്റ്റര്‍ പിന്നീട് കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യമെടുത്ത് മുങ്ങിയതായി പൊലീസ് പറഞ്ഞു. അതിര്‍ത്തിയിലെ ഒരു എന്‍ജിനിയറിംഗ് കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ചെന്നൈയില്‍ ജോലി വാഗ്ദാനം നല്‍കിയും ഇയാള്‍ തട്ടിപ്പുനടത്തിയിരുന്നു.












Click it and Unblock the Notifications