ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: കവടിയാറിലുള്ള ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ശിവരാജന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 8.30ന് ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയത്.
ക്ലബ്ബിലെ വസ്‌തുവകകളുടെ വിവരങ്ങള്‍ തിട്ടപ്പെടുത്തിയശേഷം കെട്ടിടം പൂട്ടി സീല്‍വച്ചു. ഗോള്‍ഫ് ഗ്ലബ്ബിന്റെ കൈവശമുള്ള 25.38 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു. ഗോള്‍ഫ് കളിക്കുന്നതിന് തടസ്സമുണ്ടാക്കാതെ ഭൂമി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ഭൂമി കൈവശം വയ്‌ക്കുന്നതിന് മതിയായ രേഖകല്‍ ക്ലബ്ബിന്റെ കൈവശമില്ല. ക്ലബ്ബ് സര്‍ക്കാറിന് പാട്ടത്തുകയും നല്‍കിയിരുന്നില്ല. ഈ ഭൂമിയില്‍ സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.
ക്ലബ്ബ് ഏറ്റെടുക്കുന്നതിന് എന്ത് തടസ്സമുണ്ടായാലും സര്‍ക്കാര്‍ നേരിടുമെന്ന് റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
1964ല്‍ മാധവന്‍ നായര്‍ എന്നയാള്‍ക്ക് ക്ലബ്ബ് നടത്തുന്നതിന് അനുമതി നല്‍കിയതായുള്ള രേഖമാത്രമേ സര്‍ക്കാറിന്റെ പക്കലുള്ളു. 1984ല്‍ ഇത് ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബ്ബായി രജിസ്റ്റര്‍ ചെയ്‌തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇതിന് ബാര്‍ ലൈസന്‍സ് നല്‍കുകയുണ്ടായി. ബാര്‍ നടത്തിയിരുന്നത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications