പ്രണയലേഖനം ഇങ്ങനെയും എഴുതാം
കാര്‍വാര്‍: പ്രണയലേഖനം എങ്ങനെയെഴുതണം എന്നുള്ളത് മിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യമാണ്. പ്രണയം തോന്നിയയാളോട് ഒറ്റവരിയില്‍ കാര്യം പറയണോ, അല്ല കണ്ടനാള്‍മുതലുള്ള അനുഭവങ്ങള്‍ വിവരിച്ച് ഒരു നീളന്‍ പ്രണയലേഖനം എഴുതണോ. ഇങ്ങനെ പോകുന്നു പ്രണയലേഖനം എഴുതുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍.
എന്തായാലും ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെ പ്രണയലേഖനം എഴുതിയ ഒരു കാമുകനും കാമുകിയും ലോകത്ത് കാണാനിടയില്ല. എന്നാല്‍ ഹരീഷ് കന്‍ഡാക്കുളിഎന്ന മുപ്പതുകാരന് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലായിരുന്നു. തന്റെ സങ്കല്‍പ്പത്തിലുള്ള കാമുകിക്കായി 143 പേജുള്ള ഒരു പ്രണയലേഖനമാണ് ഹരീഷ് എഴുതിയിരിക്കുന്നത്.
എസ്‌എംഎസ് വഴിയും ഇ-മെയില്‍ വഴിയുമൊക്കെ എളുപ്പത്തില്‍ കാര്യം പറയാന്‍ കഴിയുന്ന ഇക്കാലത്ത് ഇങ്ങനെ കുത്തിയിരുന്ന് 143 പേജുകള്‍ എഴുതിത്തള്ളാനുംമാത്രം എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ ഹരീഷിനെ സംബന്ധിച്ച് കാര്യമുണ്ട്. ലോക റെക്കോര്‍ഡ് സ്വന്തമാക്കുകയെന്ന ആഗ്രഹത്തോടെയാണ് ഹരീഷ് ഈ ഉദ്യമത്തിന് മുതിര്‍ന്നത്.
'പ്രീതിയ അഭിസാരിക....'(പ്രിയ അഭിസാരികേ...) എന്നാണ് കന്നഡത്തില്‍ എഴുതിയിരിക്കുന്ന പ്രണയലേഖനം തുടങ്ങുന്നത്. 143ാം പേജ് അവസാനിക്കുന്നതാകട്ടെ 'മത്തേ നിന്ന നിരീക്ഷയല്ലി കനസു മരിദ ഹുഡുഗ...'( ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്) എന്നുമാണ്. 'അഭിസാരിക' എന്നത് കന്നഡയില് പെണ്കുട്ടികള്ക്കിടുന്ന പേരാണ്. ഹരീഷിന്റെ പ്രണയലേഖനത്തില്‍ 4136 വരികളും 33,100 വാക്കുകളുമുണ്ട്. പ്രണയികള്‍ 'ഐ ലവ് യു' എന്നതിന്റെ ചുരുക്കരൂപമായാണ് 143 ഉപയോഗിക്കുന്നത്. ഇതില്‍ നിന്നാണ് 143 പേജുള്ള പ്രണയലേഖനം എന്ന ആശയം ഹരീഷിന് ലഭിച്ചത്.
ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ഹരീഷ് കഴിഞ്ഞ പ്രണയദിനത്തിലാണ് പ്രണയലേഖനം എഴുതാന്‍ തുടങ്ങിയത്. മെയ് 25നാണ് എഴുത്ത് അവസാനിച്ചത്. എല്ലാ ദിവസവും ജോലികഴിഞ്ഞെത്തിയാല്‍ രണ്ടുപേജ് എന്ന രീതിയിലാണ് ഹരീഷ് 143 പേജുകള്‍ എഴുതിത്തീര്‍ത്തത്.
ഇത്രയും ബുദ്ധിമുട്ടി എഴുതിയ പ്രണയലേഖനം ഗിന്നസില്‍ സ്ഥാനം നേടിത്തന്നില്ലെങ്കിലും നല്ല ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഹരീഷിന്റെ വിശ്വാസം. സാഹിത്യ വാസനയുള്ള ഹരീഷ് ഇതിന് മുമ്പ് ഒട്ടേറെ കഥകഴും കവിതകളും മറ്റും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ കാവലാക്കി ഗ്രാമവാസിയാണ് ഹരീഷ്.












Click it and Unblock the Notifications