ചര്‍ച്ച പരാജയം: ബസ് സമരം 24 മുതല്‍
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 24 മുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള അനിശ്ചിത കാല സമരവുമായി മുന്നോട്ടു പോകാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
മന്ത്രിമാരായ മാത്യു ടി. തോമസ്, എളമരം കരീം, പി.കെ ഗുരുദാസന്‍ എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇന്ധന വില വര്‍ധനവ് കണിക്കിലെടുത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിയ്‌ക്കുക, 17,000 ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‌കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിയ്‌ക്കുക തുടങ്ങിയവയായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ അന്യ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ബസ് ചാര്‍ജ്ജ് കൂടുതലാണെന്നും ഇനിയൊരു വര്‍ധനവ് പ്രായോഗികമല്ലെന്നും മന്ത്രിമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിയ്‌ക്കേണ്ടതില്ലെന്നത് നയപരമായ തീരുമാനമാണെന്നും ഇതില്‍ മാറ്റം വരുത്തില്ലെന്നും ഗതാഗത മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
ചില റൂട്ടുകളില്‍ സ്വകാര്യ ബസ് പെര്‍മിറ്റ് പുതുക്കി നല്‌കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതാണെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications