റിയാലിറ്റി ഷോകള്‍ നിരീക്ഷിക്കാന്‍ സമിതി
ദില്ലി: റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ പരമ്പരകളിലും പങ്കെടുക്കുന്ന ബാലതാരങ്ങളുടെ പ്രവര്‍ത്തനാന്തരീക്ഷം നിരീക്ഷിക്കാന്‍ സമിതി രൂപീകരിക്കുന്നു.
റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ മാതാപിതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും സ്‌ക്രീനിന് പിന്നില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വനിതാ-ശിശുക്ഷേമ മന്ത്രാലയം കുട്ടികളുടെ അവകാശസംരക്ഷണത്തിന്റെ ചുമതലയുള്ള കമ്മീഷനോട് ഇത്തരം കാര്യങ്ങള്‍ നിരീക്ഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍നടപടിയായാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വിദഗ്‌ധരാണ് സമിതിയിലുണ്ടാവുക. തൊഴില്‍ വകുപ്പിലെയും ശിശുക്ഷേമവകുപ്പിലെയും പ്രതിനിധികള്‍, കുട്ടികളുടെ മനശാസ്‌ത്ര വിദഗ്‌ധര്‍, റിയാലിറ്റി ഷോ മേഖലയിലെ വിദഗ്‌ധര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
കുട്ടികളുടെ ഷൂട്ടിംഗിന്റെ സമയം, ഭക്ഷണ ക്രമം, ഉറക്കം മറ്റു സാഹചര്യങ്ങള്‍ എന്നിവ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് സിനിമ ടിവി രംഗത്ത് കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി രേണുക ചൗധരി പറഞ്ഞു.
റിയാലിറ്റി ഷോയും മറ്റും പുതിയ തരത്തിലുള്ള ബാലവേലയാണന്നും ഇതില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സമ്പന്നരാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് പണത്തിന്റെ ആവശ്യമില്ല. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള ആഗ്രഹമാണ് കുട്ടികളെ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് പിന്നിലുള്ളതെന്നും രേണുക ചൗധരി പറഞ്ഞു.












Click it and Unblock the Notifications