മദ്യപിച്ച് കാറോടിച്ച എഎസ്‌ഐ അറസ്‌റ്റില്‍
കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അഞ്ചുപേരെ ഇടിച്ചിട്ട എഎസ്‌ഐയെ അറസ്റ്റുചെയ്‌തു. പന്തളം അഡീഷണല്‍ എസ്‌ഐ മോഹനനാണ് അറസ്റ്റിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി കരുനാഗപ്പള്ളി പൊലീസില്‍ ഏല്‍പ്പിച്ചത്.
മോഹനന്റെ കാര്‍ തട്ടി ഗര്‍ഭിണിയായ യുവതിയും അഞ്ചുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ദേശീയപാതയിലൂടെ നിയന്ത്രണമില്ലാതെ പാഞ്ഞ കാര്‍ ആളുകള്‍ അടിച്ചുതകര്‍ത്തു.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രി ഏഴേമുക്കാലോടെയാണ് മോഹനന്റെ കാര്‍ കൊല്ലംഭാഗത്തേയ്‌ക്ക് പോയത്.
പുതിയകാവിന് സമീപം ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനു പുറകില്‍ ഇടിച്ചകാര്‍ ഒരു സൈക്കിള്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിച്ചു. കരുനാഗപ്പള്ളി ടൗണില്‍ നിന്നും ട്രാഫിക് നിയമം തെറ്റിച്ച് എതിര്‍ദിശയിലൂടെ കയറി. കുഞ്ഞുമായി പോവുകയായിരുന്ന ഗര്‍ഭിണിയായ സ്‌ത്രീയെ ഇടിച്ച് തെറിപ്പിച്ചു.
എന്നിട്ടും നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയായിരുന്നു. രോഷം പൂണ്ട നാട്ടകാര്‍ കാറിന്റെ ചില്ലുകള്‍ അടുച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മോഹനനെ അറസ്‌റ്റുചെയ്‌തപ്പോഴാണ് കാറിന്റെ ഡ്രൈവര്‍ പൊലീസ് ഓഫീസറാണെന്നകാര്യം പുറത്തറിഞ്ഞത്.
ഉടന്‍ തന്നെ മോഹനനെ സ്‌റ്റേഷനിലേയ്‌ക്ക് മാറ്റി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തി. തിരുവനന്തപുരം സ്വദേശിയായ മോഹനന്‍ വ്യാഴാഴ്‌ച ഡ്യൂട്ടിയിലായിരുന്നുവത്രേ. എന്നാല്‍ എന്തിനാണ് കരുനാഗപ്പള്ളിയില്‍ വന്നതെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications