പീഡനക്കേസ് ഒതുക്കാന്‍ അജിത പണം വാങ്ങിയെന്ന് ആരോപണം
കോഴിക്കോട്: നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഉടമയ്‌ക്കെതിരായ സ്‌ത്രീപീഡനക്കേസ് പണം വാങ്ങി ഒത്തുതീര്‍ക്കാന്‍ അന്വേഷി പ്രസിഡന്റ് കെ അജിത കൂട്ടുനിന്നതായി ആരോപണം.
മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വക്കറ്റ് രാജു പുഴങ്കര, അഡ്വക്കറ്റ് സി.ഐ എഡിസണ്‍ എന്നിവരാണ് അജിതയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കടയിലെ ജീവനക്കാരിയെ വ്യാപാരി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതൊതുക്കീത്തീര്‍ക്കാനായി 25 ലക്ഷം രൂപയാണ് അജിത കൈപ്പറ്റിയതെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തുകയില്‍ അഞ്ചുലക്ഷം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് നല്‍കിയാണത്രേ പ്രശ്‌നം പരിഹരിച്ചത്. പെണ്‍കുട്ടിയോ മാതാവോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും രാജു പുഴങ്കര, എഡിസണ്‍ എന്നിവര്‍ പറയുന്നു.
പെണ്‍കുട്ടി ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ തനിയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും പണം വാങ്ങി കേസ് ഒത്തു തീര്‍ത്തതായി ആരോപിച്ചിട്ടുണ്ട്. പണം പിതാവിന്റെ പേരിലാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും പരാതിയില്‍ പറയുന്നു.
അജിതയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണം. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍നത്തനങ്ങളാണ് അന്വേഷി നടത്തുന്നത്.
കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ക്ക് സിറ്റി പൊലീസ് മുന്‍ കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യയും കൂട്ടുനിന്നു. ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തശേഷം അന്വേഷണം നടത്തണം- ഇവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആരോപണം പച്ചക്കള്ളമാണെന്ന് അജിത
സ്‌ത്രീപീഡനക്കേസ് താന്‍ പണം വാങ്ങി ഒതുക്കിയെന്ന ആരോപണത്തിന്മേല്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അജിത പറഞ്ഞു.
പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി വന്നപ്പോള്‍ കേസ് നല്‍കാനുള്ള എല്ലാ സഹായവും പെണ്‍കുട്ടിയ്‌ക്ക് അന്വേഷി വാഗ്‌ദാനം ചെയ്‌തിരുന്നു.
പെണ്‍കുട്ടിയെ അന്വേഷിയുടെ ഷോട്ട് സ്‌റ്റേ ഹോമില്‍ താമസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ കേസ് കൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കളുടെ കയ്യില്‍ ഏല്‍പ്പിച്ചു
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം അന്വേഷണം തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. വനിതാ കമ്മീഷന്‍ കൈകാര്യം ചെയ്യുന്ന കേസായതുകൊണ്ടാണ് ഞങ്ങള്‍ ഇതില്‍ ഇടപെടാതിരുന്നത്- അവര്‍ പറഞ്ഞു.












Click it and Unblock the Notifications