തനിയ്‌ക്ക് കിട്ടുന്ന കത്തുകളിലെ വാക്കുകള്‍ അമൃതാനന്ദമയമാണെന്ന് അഴീക്കോട്
താനൂര്‍(മലപ്പുറം): ഭാരതീയ ചിന്തയുടെ ചൈതന്യം സന്യാസികള്‍ നശിപ്പിച്ചിരിക്കുകയാണെന്ന് സുകുമാര്‍ അഴീക്കോട്. സന്യാസികളും സന്യാസിനികളും സന്യാസത്തിന്റെ ചൈതന്യത്തിലല്ലെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെ താനൂരില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്. തനിക്കിപ്പോള്‍ കിട്ടുന്ന കത്തുകളിലെ വാക്കുകള്‍ അമൃതാനന്ദമയമാണെന്ന് അദ്ദേഹം പറഞ്ഞു.
18 വര്‍ഷമായി അമൃതാനന്ദമയിയുടെ ഭക്തനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആള്‍ എടാ തെണ്ടിയെന്ന് വിളിച്ചാണ് കത്ത് തുടങ്ങിയത്. 80 കൊല്ലം ജീവിച്ചത് അമൃതാനന്ദമയമായ വാക്കുകള്‍ കേള്‍ക്കുന്നതിനാകാം- അഴീക്കോട് പരിഹസിച്ചു.
വധവും ബലാല്‍സംഗവും നടക്കാത്ത ആശ്രമങ്ങളില്ലാതായിരിക്കുന്നു. സീതയെ കട്ടുകൊണ്ടുപോയവന് വാത്മീകി വ്യാജ സന്യാസിയുടെ വേഷം നല്‍കിയത് വെറുതെയല്ല. വേഷം മാറിയ ഇത്തരം പിശാചുക്കള്‍ക്കെതിരെ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ നമ്മുടെ എല്ലാ പുരോഗമനങ്ങളും ഈ അന്ധതയ്‌ക്കു മുന്നില്‍ നിഷ്‌ഫലമാകും- അദ്ദേഹം പറഞ്ഞു.
വേളാങ്കണ്ണി മാതാവും അന്തോണിയച്ചനും ക്രിസ്‌തുവിനെ തോല്‍പ്പിക്കുന്ന അത്ഭുതങ്ങളാണ് ചാനലുകളിലൂടെ കാണിച്ചുകൊണ്ടിരിക്കുന്നത്. പണക്കാര്‍ വന്ന് ശിഷ്യത്വം ചോദിച്ചപ്പോള്‍ സ്വത്ത് വിറ്റ് വരാനാണ് ക്രിസ്‌തു ആവശ്യപ്പെട്ടത്.
സോഷ്യലിസം പറഞ്ഞാണ് ക്രിസ്‌തു ഈശ്വരവിശ്വാസം പഠിപ്പിച്ചത്. ക്രിസ്‌തുവിന്റെ സന്ദേശം പാവപ്പെട്ടവനെ സേവിക്കുകയാണ്. അരമനയിലിരുന്ന് അത് സഫലമാക്കാനാകില്ല. ക്രിസ്‌തുവില്‍ നിന്നും ക്രൈസ്‌തവ പുരോഹിതന്മാര്‍ എത്രമാത്രം അകുന്നുപോയിരിക്കുന്നു- അദ്ദേഹം ചോദിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications