അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കെട്ടിടത്തില്‍ ഉപേക്ഷിച്ചു
കൊല്‍ക്കത്ത: അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ തള്ളിയതായി കണ്ടെത്തി.
ശനിയാഴ്‌ചയാണ് ചിത്തരഞ്‌ജന്‍ നാഷണല്‍ മെഡിക്കല്‍ കോളെജ് ആശുപത്രി വളപ്പിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും ബോധമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടി ഇപ്പോഴും സംഭവത്തെത്തുടര്‍ന്നുണ്ടായ ഞെട്ടലില്‍ നിന്നും മുക്തയായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകീട്ട് തില്‍ജല ലെയ്‌നിലെ വീട്ടു പരിസരത്തു കളിക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. വൈകുന്നേരം മാത്രമാണ് കുട്ടിയെ കാണാനില്ലാത്ത കാര്യം വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെകണ്ടെത്താന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.
പിറ്റേന്ന് ശനിയാഴ്‌ച പുലര്‍ച്ചെ ചിത്തരഞ്‌ജന്‍ ആശുപത്രിയിലെ ജീവനക്കാര്‍ അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോധം മറഞ്ഞ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ കുട്ടിയെ കണ്ടെത്തിയ കാര്യം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പിതാവ് കുട്ടിയെ തിരിച്ചറിയുകയായിരുന്നു.
അജ്ഞാതനായ ഒരാളാണ് തന്നെ പിടികൂടി കെട്ടിടത്തിലെത്തിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇത്രയും പറയുമ്പോഴേയ്‌ക്കുതന്നെ കുട്ടി അസ്വസ്ഥയാകുകയും തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാതാവുകയും ചെയ്യുകയാണ്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതം വിട്ടുമാറാത്തതുകൊണ്ടാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കുറ്റവാളിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications