സിഎംപിയെ ചാരി സിപിഐയ്ക്ക് തല്ല്
തിരുവനന്തപുരം : പോത്തിനെ ചാരി പുലയനെ തല്ലുന്ന തന്ത്രം വിജയകരമായി പയറ്റുകയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രതിവാര രാഷ്ട്രീയകോളമെഴുതുന്ന ശതമന്യു.
യുഡിഎഫിലെ ഘടകകക്ഷികളായ മുസ്ലിംലീഗും മാണി കോണ്‍ഗ്രസും സിഎംപിയുമൊക്കെ കോണ്‍ഗ്രസിനെതിരെ മുഴക്കുന്ന വീരവാദങ്ങളെ കണക്കിന് പരിഹസിക്കുന്നുവെന്ന വ്യാജേനെയാണ് സിപിഐക്കെതിരെ ശതമന്യുവിന്റെ ആക്രമണം. മുന്നണിയിലെ രണ്ടാം കക്ഷിയെക്കൊണ്ട് സിപിഎം അനുഭവിക്കുന്ന തലവേദനയുടെ ആഴം ദേശാഭിമാനിയില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.
ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രസ്താവനയായിരുന്നു, ഇക്കഴിഞ്ഞ തിങ്കളാഴ്ച സിപിഐയ്ക്കെതിരെയുളള ശതമന്യുവിന്റെ ആയുധമായി മാറിയത്. "ആദര്‍ശത്തിന്റെ ക്വട്ടേഷന്‍" എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം അവസാനിച്ചത് ഇങ്ങനെയാണ്.
വാര്‍ത്ത: ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന്
പ്രതികരണം: യജമാനനും എനിക്കും ചേര്‍ത്ത് പതിനായിരത്തി ഒരുനൂറ് ശമ്പളമെന്ന്. യജമാനന് പതിനായിരവും എനിക്ക് നൂറും. സിഎംപിക്കും തോന്നുന്നുണ്ടാകണം തങ്ങളില്ലെങ്കില്‍ യുഡിഎഫില്ലെന്ന്. നാലും മൂന്നും ഏഴ് അനുയായികളെ തികച്ചെടുക്കാനില്ലാത്തവര്‍ വലിയ പാര്‍ടിയുടെ വാലില്‍തൂങ്ങി കോപ്രായം കാട്ടും. അതും കാണാന്‍ ചേലുതന്നെ. എന്നാലും ലീഗില്ലെങ്കില്‍ കോണ്‍ഗ്രസ് പച്ച പിടിക്കില്ലെന്നതു നേര്. ലീഗുണ്ടായിട്ടും പച്ച പിടിക്കുന്നില്ലല്ലോ.
വലിയ കക്ഷിയുടെ അഭിമാനം സംരക്ഷിക്കാനെന്ന വ്യാജേനെ യുഡിഎഫില്‍ താരതമ്യേനെ അടങ്ങിയൊതുങ്ങി കഴിയുന്ന സിഎംപിയെ ചാരി സിപിഐയുടെ പളളക്ക് കുത്തുകയാണ് ശതമന്യുവെന്ന് സ്പഷ്ടം.
ജൂണ്‍ പതിനാറ് തിങ്കളാഴ്ചത്തെ കോളത്തില്‍ ആക്രമണം കുറെക്കൂടി രൂക്ഷമാകുന്നുണ്ട്. ഇവിടെയും പാവം സിഎംപിയുടെ മറവിലാണ് ഒളിയമ്പുകള്‍.
"സംഘടിക്കൂ, തമ്മിലടിക്കൂ" എന്ന തലക്കെട്ടിലെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.
സിഎംപിയും ജെഎസ്എസും ജേക്കബ് പാര്‍ടിയും വരയ്ക്കുന്ന വരയ്ക്കകത്തു മതി കോണ്‍ഗ്രസിന്റെ കളി. മുന്നണിയില്‍ വലിയേട്ടനുമില്ല, ചെറിയേട്ടനുമില്ല. എല്ലാവരുടെയും ജനനസമയം ഒരേ നിമിഷമാണ്. നക്ഷത്രവും ഒന്ന്. അതുകൊണ്ട്, നിങ്ങളുടെ വോട്ട്, ഞങ്ങളുടെ സീറ്റ് എന്നാണ് സിദ്ധാന്തം. കോണ്‍ഗ്രസുകാര്‍ വോട്ട്ചെയ്ത് സിഎംപിക്കാരനെ ജയിപ്പിക്കുക-പിന്നെ സിഎംപി ഭരിച്ചുകൊള്ളും. കോട്ടയം സീറ്റ് മാണിക്കു കൊടുത്തില്ലെങ്കില്‍ പിടിച്ചുവാങ്ങും കട്ടായം.
പരിഹാസത്തിന്റെ മുനകള്‍ നീളുന്നതെവിടേയ്ക്കെന്ന് വ്യക്തം. യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ ശതമന്യുവിന് സ്വാഭാവികമായും അസ്വസ്ഥത തോന്നേണ്ട കാര്യമില്ല. എന്നാല്‍ സിപിഐയുടെ വിക്രിയകളില്‍ പൊറുതിമുട്ടി നില്‍ക്കുന്ന സിപിഎമ്മിന് തിരിച്ചടിക്കാനുളള ആയുധമായി മാറുകയാണ് എതിര്‍മുന്നണി ഘടകകക്ഷികളുടെ പ്രസ്താവനയും അവകാശവാദങ്ങളും.
ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനെന്ന് അറിയപ്പെടുന്ന പി എം മനോജാണ് ശതമന്യുവെന്ന പേരില്‍ കോളമെഴുതുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ സിപിഐയോടുളള ഈര്‍ഷ്യ ഈ വിധം മറനീക്കി പുറത്തുവരുന്നതിന് സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടെന്ന കാര്യം അതുകൊണ്ടു തന്നെ ഉറപ്പാണ്.
സ്വതന്ത്രരുള്‍പ്പടെ 65 പേരുടെ അംഗബലമുളള പാര്‍ട്ടിയെ വെറും 17 എംഎല്‍എമാരുടെ ബലത്തില്‍ സിപിഐ വെല്ലുവിളിക്കുകയും പൊതുമധ്യത്തില്‍ നാണം കെടുത്തുകയും ചെയ്യുന്നതില്‍ സിപിഎം അണികള്‍ക്കും അമര്‍ഷമുണ്ട്. വരും ദിനങ്ങളില്‍ പോര് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ു
![]()












Click it and Unblock the Notifications