ബീഹാര്‍ വിപണയില്‍ ലാലു മാമ്പഴം
പട്‌ന: സ്വന്തം സംസ്ഥാനത്ത് വമ്പന്‍ ജനപ്രീതിയുള്ള നേതാവാണ് ആര്‍ജെഡി നേതാവും കേന്ദ്രറയില്‍മന്ത്രിയുമായ ലാലു പ്രസാദ് യാദവ്.
ഈ ജനപ്രീതി തിരിച്ചറിഞ്ഞ് ബീഹാറിലെ വ്യാപാരികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ പടക്കവും, ചോക്ലേറ്റുകളും വിപണിയിലിറക്കുകയും ഇവ വിപണി കീഴക്കുകയും ചെയ്‌ത കഥകള്‍ നേരത്തേതന്നെ വാര്‍ത്തായായിരുന്നു.
ഇപ്പോള്‍ ഈ മാമ്പഴക്കാലത്ത് വിപണിയില്‍ വീണ്ടും ലാലു മാജിക്ക്. ലാലുവിന്റെ പേരില്‍ ഇപ്പോള്‍ മാമ്പഴവും വിപണിയിലെത്തിയിരിക്കുന്നു. ലാലുവിന് ബീഹാറിലുള്ള ജനപ്രീതി കണക്കിലെടുത്ത് ഇവിടത്തെ കച്ചവടക്കാരാണ് മാമ്പഴത്തിന് ലാലു മാമ്പഴം എന്ന് പേരിട്ട് വിപണയിലെത്തിച്ചിരിക്കുന്നത്.
മാല്‍ദ വിഭാഗത്തില്‍പ്പെടുന്ന രുചിയേറിയ മാന്പഴമാണ് ലാലു മാന്പഴം എന്നെഴുതി സ്റ്റിക്കറൊട്ടിച്ച് വിപണയിലെത്തിയിരിക്കുന്നത്. കിലോക്ക് 35രൂപ വില വരുന്ന മാമ്പഴത്തിന് വിപണിയില്‍ വന്‍ ഡിമാന്റാണത്രേ.
ലാലുവിന്റെ അറുപത്തിയൊന്നാം ജന്മദിനത്തില്‍ ആര്‍ജെഡി വക്താവ് ശ്യാം രജക് നല്‍കിയ സമ്മാനത്തില്‍ നിന്നാണ് കച്ചവടക്കാര്‍ ലാലു മാമ്പഴം എന്ന ആശയം കടമെടുത്തത്. ജൂണ്‍ 11ന് നടന്ന പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ശ്യാം എത്തിയത് ലാലുവിന്റെ ചിത്രങ്ങളൊട്ടിച്ച മാമ്പഴങ്ങളുമായിട്ടാണ്. ഇത്തരം 61കുട്ട മാമ്പഴങ്ങളാണ് ശ്യാം ലാലുവിന് സമ്മാനിച്ചത്.
ശ്യാമിന്റെ ആശയം കടമെടുത്ത വ്യാപാരികള്‍ ഇപ്പോള്‍ ജാര്‍ഖണ്ഡ്, ദില്ലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേയ്‌ക്കും വിദേശത്തേയ്‌ക്കും ലാലു മാമ്പഴം കയറ്റിയയ്‌ക്കാന്‍ തുടങ്ങുകയാണ്. ഇവിടങ്ങളില്‍ താമസിക്കുന്ന ബീഹാറുകാരെ ലക്ഷ്യമിട്ടാണ് വ്യാപാരികള്‍ ലാലു മാമ്പഴം കയറ്റിയയ്‌ക്കുന്നത്.












Click it and Unblock the Notifications